‘ഇത് കനത്ത അനീതിയാണ്’; സർഫറാസ് ഖാനെ തഴഞ്ഞതിൽ സെലക്ടർമാർക്കെതിരെ ശശി തരൂർ

Update: 2025-10-29 17:11 GMT
Editor : safvan rashid | By : Sports Desk

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ വിമർശനവുമായി ശശി തരൂർ രംഗത്ത്. സെലക്ടർമാർ രഞ്ജി ട്രോഫിയിലെ പ്രകടനങ്ങളേക്കാൾ ഐപിഎല്ലിന് മുൻഗണന നൽകുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

ബോർഡർ ഗവാസ്കർ ട്രോഫിയിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നിട്ടും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് സർഫറാസിനെ ഒഴിവാക്കിയിരുന്നു. പിന്നീട് വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം സീരീസുകളിലും താരത്തെ അവഗണിച്ചത് അതൃപ്തിക്ക് കാരണമായിരുന്നു.

Advertising
Advertising

ശശി തരൂർ 'എക്സിൽ’ കുറിച്ചത് ഇങ്ങനെ: "ഇത് കടുത്ത അനീതിയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65ൽ അധികം ശരാശരിയുള്ള താരമാണ് സർഫറാസ് ഖാൻ. ടെസ്റ്റ് അരങ്ങേറ്റത്തിൽ അർധസെഞ്ച്വറി നേടി, ഇന്ത്യ പരാജയപ്പെട്ട ഒരു ടെസ്റ്റിൽ 150 റൺസ് അടിച്ചു, ഇംഗ്ലണ്ട് ലയൺസിനെതിരെ കളത്തിലിറങ്ങിയ മത്സരത്തിൽ 92 റൺസ് നേടി... എന്നിട്ടും സെലക്ടർമാരുടെ പരിഗണനയിൽ നിന്ന് അദ്ദേഹം പുറത്താണ്." -ശശി തരൂർ പ്രതികരിച്ചു.

ആറ് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 37.10 ശരാശരിയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറികളും സഹിതം 371 റൺസാണ് സർഫറാസിന്റെ സമ്പാദ്യം. എന്നാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57 മത്സരങ്ങളിൽ നിന്ന് 64.32 ശരാശരിയിൽ 16 സെഞ്ച്വറികളടക്കം 4760 റൺസാണ് സർഫറാസിന്റെ സമ്പാദ്യം.

അജിൻക്യ രഹാനെ, പൃഥ്വി ഷാ, കരുൺ നായർ എന്നിവർ രഞ്ജി ട്രോഫിയിൽ റൺസ് നേടുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

"കഴിവ് തെളിയിച്ച താരങ്ങളെ മാറ്റിനിർത്തി 'ഭാവി വാഗ്ദാനങ്ങളെ' പരീക്ഷിക്കാൻ നമ്മുടെ സെലക്ടർമാർ തിടുക്കം കാണിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ റൺസിനെ സെലക്ടർമാർ വിലമതിക്കണം. ഐപിഎല്ലിലെ പ്രകടനം മാത്രമല്ല നോക്കേണ്ടത്. അല്ലെങ്കിൽ ആരും രഞ്ജി കളിക്കാൻ മെനക്കെടില്ല" -തരൂർ പ്രതികരിച്ചു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News