ലിവിങ്സ്റ്റണ് മാർക്രമിന്‍റെ മറുപടി; ഹൈദരാബാദിന് തകർപ്പൻ ജയം

ഹൈദരാബാദിന്‍റെ ജയം ഏഴ് വിക്കറ്റിന്

Update: 2022-04-17 14:22 GMT
Advertising

എയ്ഡൻ മാർക്രമിന്‍റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്‍റെ മികവിൽ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ഒരോവറും ഒരു പന്തും ബാക്കി നിൽക്കെയാണ് പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നത്. 27 പന്തിൽ നിന്ന് ഒരു സിക്‌സറും നാലു ഫോറുമടക്കം 41 റൺസെടുത്ത എയ്ഡൻ മാർക്രമും 30 പന്തിൽ 35 റൺസെടുത്ത നിക്കോളാസ് പൂരാനും ചേർന്നാണ് ഹൈദരാബാദിനെ വിജയതീരമണച്ചത്. അഭിഷേക് ശർമ 31 റൺസും രാഹുൽ ത്രിപാടി 34 റൺസുമെടുത്തു. പഞ്ചാബിനായി രാഹുല്‍ ചഹാര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ  ഉംറാന്‍ മാലിക്കിന്‍റെ  തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് പഞ്ചാബിനെ 152 റണ്‍സിലൊതുക്കിയത്. ഉംറാന്‍ മാലിക്ക് നാലോവറില്‍ വെറും 28 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മൂന്ന് ബാറ്റര്‍മാരെയാണ് ഉംറാന്‍ കൂടാരം കയറ്റിയത്.

പഞ്ചാബിനായി ലിവിങ്സ്റ്റൺ വെറും 33 പന്തില്‍ 4 ഫോറുകളുടേയും 5 സിക്‌സുകളുടേയും അകമ്പടിയിൽ 60 റൺസെടുത്തു. വെറും 26 പന്തിൽ നിന്നാണ് ലിവിങ്സ്റ്റൺ അർധസെഞ്ച്വറി തികച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വില്യംസന്‍റെ തീരുമാനത്തെ ശരിവക്കുന്ന രീതിയിലാണ് ഹൈദരാബാദ് ബൗളർമാർ പന്തെറിഞ്ഞു തുടങ്ങിയത്. സ്‌കോർ പത്തിൽ നിൽക്കെ ശിഖർ ധവാനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ചു. തുടർന്ന് പ്രഭ്‌സിംറാൻ സിങ്ങിനെ നടരാജനും ജോണി ബെയർസ്‌റ്റോവിനെ ജഗ്തീഷ് സുജിത്തും കൂടാരം കയറ്റി.

തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന പഞ്ചാബിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ലിവിങ്സ്റ്റൺ-ഷാറൂഖ് ഖാൻ ജോഡിയാണ് ഭേധപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷാറൂഖ് ഖാൻ രണ്ട് സിക്‌സറുകളുടെയും ഒരു ഫോറിന്‍റേയും അകമ്പടിയിൽ 26 റൺസെടുത്ത് ഭുവനേശ്വറിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീടാണ് ഉംറാന്‍ മാലിക്ക് തീപ്പന്തുമായി അവതരിച്ചത്.

 SUMMARY - IPL 2022, PBKS vs SRH Highlights: Aiden Markram, Nicholas Pooran Steer SunRisers Hyderabad To Seven-Wicket Win

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News