ശ്രേയസ് അയ്യരല്ല കിഷൻ; കിവീസിനെതിരെ മൂന്നാം നമ്പറിലിറങ്ങുന്ന താരത്തെ പ്രഖ്യാപിച്ച് സൂര്യകുമാർ
ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് ലോകകപ്പ് ടീമിലേക്ക് ഇഷാനെ പരിഗണിച്ചത്
നാഗ്പൂർ: ന്യൂസിലൻഡിനെതിരായ ടി 20 പരമ്പരക്ക് മുൻപായി നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരിക്കേറ്റ തിലക് വർമക്ക് പകരം ഇഷാൻ കിഷൻ പ്ലെയിങ് ഇലവനിലേക്ക് വരുമെന്നാണ് സ്‌കൈ വ്യക്തമാക്കിയത്. മൂന്നാം നമ്പറിലാകും താരം ഇറങ്ങുകയെന്നും വാർത്താ സമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷമാണ് കിഷൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് 27 കാരന് ടി20 ടീമിലേക്കുള്ള വഴിയൊരുക്കിയത്.
അതേസമയം, ശ്രേയസ് അയ്യരെ സ്‌ക്വാഡിലെടുത്തിട്ടുണ്ടെങ്കിലും മുൻഗണന കിഷനായിരിക്കുമെന്നാണ് സൂര്യകുമാർ പ്രതികരിച്ചത്. 'ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്. അതിനാൽ ഇഷാൻ കിഷന് അവസരം നൽകുന്നതാണ് നീതി' സൂര്യകുമാർ യാദവ് പറഞ്ഞു. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് ലോകകപ്പ് ടീമിലേക്ക് ഇഷാനെ തിരഞ്ഞെടുത്തത്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിലുള്ളതിനാൽ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലാകും യുവതാരം ഇറങ്ങുക. 2023 നവംബറിന് ശേഷം ഇതാദ്യമായാണ് കിഷൻ ഇന്ത്യൻ ജഴ്‌സിയണിയുന്നത്. 2023 ഡിസംബറിന് ശേഷമാണ് ശ്രേയസും കുട്ടിക്രിക്കറ്റ് കളിക്കാനെത്തുന്നത്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം നാളെ രാത്രി ഏഴിന് വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലാണ് നടക്കുക