ആദ്യ ജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും; പാകിസ്താന്‍ ഇന്ന് കിവീസിനെതിരെ

ടി - 20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ

Update: 2021-10-26 05:49 GMT

ടി - 20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക - വെസ്റ്റിൻഡീസിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താൻ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ വമ്പന്‍ തോൽവികള്‍ ഏറ്റുവാങ്ങിയാണ് വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരത്തിനിറങ്ങുന്നത്. മുൻനിര ടീമുകൾ അണിനിരക്കുന്ന ഒന്നാം ഗ്രൂപ്പിൽ ഇനിയൊരു തോൽവി ഇരുടീമുകളുടെയും സെമി സാധ്യത ദുഷ്കരമാക്കും.

ബാറ്റിങ്ങിലെ താളപ്പിഴകളാണ് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിന്‍റെ തലവേദന. വമ്പനടിക്കാരെല്ലാം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ അമ്പേ പരാജയമായിരുന്നു. ആദ്യ കിരിടം ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പരിശീലന മത്സരത്തിലെ മികവ്  ആദ്യ മത്സരത്തിൽ പുറത്തെടുക്കാനായില്ല. യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ദക്ഷിണാഫ്രിക്ക പെരുമക്കൊത്ത പ്രകടനം നടത്തിയാൽ ദുബൈ സ്റ്റേഡിയത്തിൽ കടുത്ത മത്സരം പ്രതീക്ഷിക്കാം.

Advertising
Advertising

രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യക്കെതിരെ ആദ്യമത്സരത്തിൽ വമ്പന്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുന്നത്. താരതമ്യേന ചെറിയ സ്റ്റേഡിയമായ ഷാർജയിൽ വലിയ സ്കോറാണ്  പ്രതീക്ഷിക്കുന്നത്. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പാകിസ്താൻ ബൗളിങും ബാറ്റിങും പരിമിത ഓവർ സ്പെഷ്യലിസ്റ്റുകൾ അണിനിരക്കുന്ന ന്യൂസിലാൻഡിന് വെല്ലുവിളിയാകും. അതേസമയം പരിക്കിൽ നിന്ന് മുക്തനായി എത്തുന്ന ക്യാപ്റ്റന്‍ കെയിൻ വില്യംസണും മാച്ച് വിന്നർമാരായ ഒരുപറ്റം യുവതാരങ്ങളുമാണ് ന്യൂസിലാൻഡിന്‍റെ കരുത്ത്. അടുത്തിടെ ബംഗ്ലാദേശിൽ നടന്ന ടി-20 പരമ്പര ന്യൂസിലാന്‍ഡ്  അടിയറ വച്ചിരുന്നു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News