ഫലസ്തീന് പിന്തുണയുമായി മൈതാനത്തിറങ്ങിയത് ജോൺ; ആസ്‌ട്രേലിയക്കാരൻ

കനത്ത സുരക്ഷാവലയം ഭേദിച്ചാണ് ജോണ്‍, കോഹ്‌ലിക്ക്‌ അടുത്തേക്ക് പാഞ്ഞ് എത്തിയത്

Update: 2023-11-19 12:54 GMT
Editor : rishad | By : Web Desk
Advertising

അഹമ്മദാബാദ്: ഇന്ത്യ- ആസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനിടെ ഫലസ്തീന് പിന്തുണയർപ്പിച്ച് മൈതാനത്തേക്ക് ഇറങ്ങിയത് ജോൺ എന്ന യുവാവ്. ആസ്‌ട്രേലിയക്കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആദ്യം ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നില്ലെങ്കിലും അഹമ്മദാബാദ് പൊലീസാണ് ഇപ്പോള്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജോണ്‍ ഗ്രൗണ്ടിലിറങ്ങിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. കനത്ത സുരക്ഷാവലയം ഭേദിച്ചാണ് ജോണ്‍, കോഹ്‌ലിക്ക്‌ അടുത്തേക്ക് പാഞ്ഞ് എത്തിയത്.

ഫലസ്തീൻ പതാക മുഖത്തണിഞ്ഞും ഫലസ്തീനെ സ്വതന്ത്രമാക്കുക, യുദ്ധം അവസാനിപ്പിക്കുക എന്നിങ്ങനെ എഴുതിയ ടീ ഷർട്ട് അണിഞ്ഞുമാണ് യുവാവ് ഗ്രൗണ്ടിലിറങ്ങിയത്. ഇയാളുടെ കയ്യിൽ എൽ.ജി.ബി.ടി.ക്യു കൊടിയുമുണ്ടായിരുന്നു.

14ാം ഓവറിൽ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഇയാൾ ക്രീസിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയെ കെട്ടിപ്പിടിച്ചു. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇയാളെ കീഴ്‌പ്പെടുത്തി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. 

കോടിക്കണക്കിനാളുകള്‍ വീക്ഷിക്കുന്നൊരു കായിക ഇനം, രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഫൈനൽ മത്സരം. രാഷ്ട്രീയ -സിനിമാ-രംഗത്തെ പ്രമുഖരടക്കമാണ് മത്സരം കാണാൻ ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം അഹമ്മദാബാദിലുണ്ട്. 

അതിനിടയ്ക്കാണ് ഒരിക്കലും നടക്കില്ലാ എന്ന് കരുതിയൊരു സംഭവം അരങ്ങേറിയത്. യുവാവ് മൈതാനത്തേക്ക് പാഞ്ഞ് വരുമ്പോള്‍ ഒരു ആരാധകന്റെ രംഗപ്രവേശം  എന്ന നിലയ്ക്കാണ് ആളുകള്‍ കണ്ടിരുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വന്നതാടെയാണ് ഫലസ്തീന്‍ പിന്തുണയാണെന്ന് മനസിലായത്.

ഗസ്സക്ക് മേൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ രഹിതമായ ആക്രമണത്തിൽ ലോകമെങ്ങും സാധ്യമായ പ്രതിഷേധം അരങ്ങേറുന്നുണ്ട്. പല ഫുട്‌ബോൾ സ്റ്റേഡിയങ്ങളിലും ഫലസ്തീൻ പതാകകൾ ഉയർത്താറുണ്ട്.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു കായിക വേദിയിൽ ഫലസ്തീൻ അനുകൂല 'പ്രകടനം' നടക്കുന്നത്. അതേസമയം ഗ്രൗണ്ട് കയ്യേറിയുള്ള യുവാവിന്റെ ഫലസ്തീൻ പിന്തുണ ട്വിറ്ററിലും തരംഗമായി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News