ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകൾ വീണു; ഇന്ത്യൻ ബൗളർമാർ 'പണി' തുടങ്ങി

സിറാജാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. രണ്ടാം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീണു.

Update: 2023-11-05 14:09 GMT
Editor : rishad | By : Web Desk

കൊൽക്കത്ത: ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. പതിമൂന്ന്  ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 40 റൺസാണ് സ്‌കോർബോർഡിൽ ഉള്ളത്. മികച്ച ഫോമിലുള്ള ക്വിന്റൺ ഡി കോക്ക്(5) നായകൻ ടെമ്പ ബവുമ(11) എയ്ഡൻ മാർക്രം(9) എന്നിവരാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. സിറാജാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. രണ്ടാം ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീണു.

Advertising
Advertising

ക്വിന്റൺ ഡി-കോക്കാണ് ആദ്യം മടങ്ങിയത്. എഡ്ജ് തട്ടിയ പന്ത് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. ഇന്ത്യൻ പേസർമാരെ കരുതലോടെയാണ് നേരിടുന്നത് എങ്കിലും ദക്ഷിണാഫ്രിക്ക വീണു. 22ന് രണ്ട് 35ന് മൂന്ന് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക എത്തി. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീണതോടെ ഇനി എത്രകണ്ട് പിടിച്ചുനില്‍ക്കും എന്ന് മാത്രമാണ് അറിയാനുള്ളത്. 

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്

വിരാട് കോഹ്‌ലി നേടിയ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 326 റൺസാണ് നേടിയത്. സെഞ്ച്വറി നേട്ടത്തോടെ ഏകദിന ക്രിക്കറ്റിൽ 49 സെഞ്ച്വറികളെന്ന ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ നേട്ടത്തിനൊപ്പം എത്താനും കോഹ്‌ലിക്കായി.

തന്റെ 35ാം പിറന്നാൾ ദിനത്തിലാണ് ഈ നേട്ടം എന്നത് വേറെ പ്രത്യേകതയും. 121 പന്തുകളിൽ നിന്ന് 10 ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 101 റൺസ് നേടിയത്. താരത്തെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കായില്ല.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞൈടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. രോഹിതായിരുന്നു സ്‌കോർബോർഡിനെ ചലിപ്പിച്ചത്. ഫോറുകളുടെയു സിക്‌സറുകളുടെയും അകമ്പടിയോടെ അതിവേഗത്തിൽ റൺസ് കണ്ടെത്തി. 5 ഓവറിൽ തന്നെ സ്‌കോർ 50 കടന്നിരുന്നു. എന്നാൽ രോഹിത് ശർമ്മയെ മടക്കി ദക്ഷിണാഫ്രിക്ക കളിയിലേക്ക് വന്നു.

40 റൺസായിരുന്നു രോഹിത് നേടിയിരുന്നത്. 24 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. പിന്നാലെ ശുഭ്മാൻ ഗില്ലും വീണതോടെ ഇന്ത്യ 92ന് രണ്ട് എന്ന നിലയിൽ എത്തി. മൂന്നാം വിക്കറ്റിലാണ് ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് പിറക്കുന്നത്. ശ്രേയസ് അയ്യരും കോഹ്‌ലിയും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കി. കോഹ്‌ലി പതിവ് രീതിയിൽ നിന്ന് മാറി കളിച്ചപ്പോൾ ശ്രേയസ് അയ്യർ അറ്റാക്കിങ് മൂഡിലായിരുന്നു. 134 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

വ്യക്തിഗത സ്‌കോർ 77ൽ നിൽക്കെ ശ്രേയസ് അയ്യർ മടങ്ങി. പിന്നാലെ എത്തിയ ലോകേഷ് രാഹുലിന് എട്ട് റൺസിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. സൂര്യകുമാർ 22 റൺസെടുത്ത് സ്‌കോർബോർഡ് ഉയർത്തിയെങ്കിലും ഷംസിയുടെ പന്തിൽ ഡി-കോക്ക് പിടികൂടി. പിന്നാലെയാണ് കോഹ്‌ലിയുടെ സെഞ്ച്വറി. ഒരൊറ്റ സിക്‌സർ പോലുമില്ലാതെയാണ് കോഹ്‌ലിയുടെ ഇന്നിങ്‌സ. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും ഇന്നിങ്‌സിന് കരുത്തേകി. 15 പന്തുകളിൽ നിന്ന് 29 റൺസാണ് ജഡേജ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം ഒഴികെ പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News