ബ്രില്യന്‍റ് ഷോട്ട് ! ആന കളിക്കാരനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നന്നായി ക്രിക്കറ്റ് കളിക്കുന്ന ഈ ആനക്ക് തീര്‍ച്ചയായും ഇംഗ്ലീഷ് പാസ്‌പോര്‍ട്ട് ആയിരിക്കുമുള്ളതെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.

Update: 2021-05-09 16:53 GMT
Editor : Suhail | By : Web Desk

ചീറി പാഞ്ഞടുക്കുന്ന പന്തിനെ നിഷ്പ്രയാസം ബൗണ്ടറി കടത്തിയാല്‍ എല്ലാവര്‍ക്കും അമ്പരപ്പ് ഉണ്ടായിക്കൊള്ളണമെന്നില്ല, അതും ഒരോവറില്‍ തുടരെ ആറു സിക്‌സറുകള്‍ പിറക്കുന്ന ഈ കാലത്ത്. എന്നാല്‍ ക്രീസിലുള്ളത് ഒരാനയാണങ്കിലോ ?

ആനയും കൂട്ടുകാരും ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുമ്പിക്കൈയില്‍ ബാറ്റും പിടിച്ചുള്ള നില്‍പ് കണ്ടാല്‍ ആരായാലും ഒന്ന് നോക്കി പോകും. അതും പോരാഞ്ഞാണ് നല്ല വെടിപ്പായി ബാറ്റ് വീശി പന്ത് അതിര്‍ത്തി കടത്തുന്നത്. വീഡിയോ ഇംഗ്ലീഷ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പങ്കുവെച്ചതോടെ, ആനക്കാര്യം വൈറലായി.

Advertising
Advertising

ഒരു ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ, രാജ്യന്തര കളിക്കാരേക്കാള്‍ നന്നായി ഈ ആന ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന കുറിപ്പോടെയായിരുന്നു വീഡിയോ ഷെയര്‍ ചെയ്തത്. ഇത് ഏറ്റുപിടിച്ച മൈക്കല്‍ വോണ്‍, നന്നായി കളിക്കുന്ന ഈ ആനക്ക് തീര്‍ച്ചയായും ഇംഗ്ലീഷ് പാസ്‌പോര്‍ട്ട് ആയിരിക്കുമെന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചു. തുമ്പിക്കൈയില്‍ മടല്‍ ബാറ്റായി പിടിച്ചായിരുന്നു ആന തകര്‍പ്പന്‍ ഷോട്ടുകള്‍ പായിച്ചിരുന്നത്. വീഡിയോ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ് ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചു.

വോണിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്ത് വന്നു. മൊട്ടേരയിലെ പൊടിപാറിയ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളുമായി വാര്‍ത്തയിലിടം പിടിച്ച വോണിനോട്, ഇവിടുത്തെ പിച്ചിനെ കുറിച്ച് പരാതി പറയുന്നില്ലേ എന്നൊരാള്‍ കമന്റിട്ടു. ഹനുമാ വിഹാരിയേക്കാള്‍ നന്നായി ആന ബാറ്റ് ചെയ്യുന്നുണ്ടെന്നായിരുന്നു മറ്റൊരാള്‍ പരിഹസിച്ചത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News