വിനു മങ്കാദ് ട്രോഫി; ബിഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

ബിഹാർ നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.

Update: 2025-10-13 17:57 GMT
Editor : Sharafudheen TK | By : Sports Desk

പുതുച്ചേരി: 19 വയസ്സിന് താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ബിഹാറിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 43.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായി. മഴയെ തുടർന്ന് കേരളത്തിന്റെ വിജയലക്ഷ്യം 93 റൺസായി പുതുക്കി നിശ്ചയിച്ചു. തുടർന്ന് ബാറ്റിങിന് ഇറങ്ങിയ കേരളം 17.3 ഓവറിൽ ഒരു വിക്കറ്റിന് ലക്ഷ്യം മറികടന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബിഹാർ നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. കേരള ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ഒരു ഘട്ടത്തിലും ബിഹാർ ബാറ്റർമാർക്ക് നിലയുറപ്പിക്കാനായില്ല. 32 റൺസുമായി പുറത്താകാതെ നിന്ന അമർ കുമാറാണ് ടോപ് സ്‌കോറർ. വാലറ്റത്ത് 23 റൺസുമായി ആകൻഷു റായിയും ഭേദപ്പെട്ട പ്രകടനം നടത്തി. 43.3 ഓവറിൽ 113 റൺസിന് ബിഹാർ ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി എം മിഥുൻ മൂന്നും അമയ് മനോജ്, മുഹമ്മദ് ഇനാൻ, ആഷ്‌ലിൻ എന്നിവർ ഓരോ വിക്കറ്റും സംഗീത് സാഗർ രണ്ട് വിക്കറ്റും വീഴ്ത്തി.

മഴയെ തുടർന്ന് കേരളത്തിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 93 റൺസായി പുതുക്കി നിശ്ചയിച്ചു. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ജോബിൻ ജോബിയും സംഗീത് സാഗറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. ജോബിൻ 30 റൺസെടുത്ത് പുറത്തായി. സംഗീത് 33 റൺസോടെയും രോഹിത് കെ ആർ 26 റൺസോടെയും പുറത്താകാതെനിന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News