ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20;ഹാർദികിന്റെ കരുത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
ഹാർദിക് പാണ്ഡ്യക്ക് അർദ്ധ സെഞ്ച്വറി
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു. ഇന്ത്യൻ നിരയിൽ 28 പന്തിൽ 59 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവൻ ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണറായ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. ആദ്യ പന്തിൽ തന്നെ ഫോറിലാണ് ഗിൽ തുടങ്ങിയത്. എന്നാൽ രണ്ടാം പന്തിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ലോഫ്റ്റഡ് ഷോട്ടിന് മുതിർന്ന ഗില്ലിനെ മാർക്കോ യാൻസൻ കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാർ യാദവും 12 റൺസെടുത്ത് മടങ്ങി. പിന്നീട് ലുത്തോ സിപാംല ബോളിൽ മാർകോ യാൻ സൻ മികച്ചൊരു ക്യാച്ചിലൂടെ അഭിഷേക് ശർമയെയും പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. തുടർന്ന് വന്ന തിലക് വർമയും 32 പന്തിൽ 21 റൺസെടുത്ത് മാർക്കോ യാൻസന്റെ ക്യാച്ചിൽ കുരുങ്ങിയതതോടെ ഇന്ത്യയുടെ ടോപ് ഓർഡർ പൂർണമായും തകർന്നു. പിന്നീട് വന്ന അക്സർ പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാർദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. തകർത്തടിച്ച ഹാർദിക് 28 പന്തിൽ 59 റൺസെടുത്തു. ജിതേഷ് ശർമ അഞ്ച് പന്തിൽ പത്ത് റൺസെടുത്തു.