''ഞങ്ങള്‍ ഡൈനിങ് ഹാളിലായിരുന്നു, കോഹ്‍ലി പെട്ടെന്ന് കടന്നു വന്നു''; ലിറ്റണ്‍ ദാസിന് കോഹ്‍ലിയുടെ അമൂല്യ സമ്മാനം

ഇന്ത്യക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിറ്റണ്‍ പുറത്തെടുത്തത്

Update: 2022-11-07 10:27 GMT

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യ അഞ്ച് റൺസിന്‍റെ ആവേശ ജയം കുറിച്ചിരുന്നു. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ ഓപ്പണർ ലിറ്റൺ ദാസ് ഒറ്റക്ക് ചുമലിലേറ്റുന്ന കാഴ്ചയാണ് അഡ്‌ലൈഡിൽ കണ്ടത്. ഏഴോവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ബംഗ്ലാദേശ് 66 റൺസെടുത്ത് നിൽക്കെ രസം കൊല്ലിയായി മഴയെത്തി. ലിറ്റണ്‍ ദാസ് 59 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലായിരുന്നു. 

എന്നാല്‍ മഴ മാറി വീണ്ടും കളിയാരംഭിച്ചതോടെ ഇന്ത്യക്ക് മത്സരം അനുകൂലമായി. വീണുകിട്ടിയ രണ്ടാം അവസരത്തില്‍ പിഴവ് വരുത്താതെ ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ കളി തിരിഞ്ഞു. അര്‍ഷ്ദീപ് സിങും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് വീഴ്ത്തി. നൂറുല്‍ ഹസനും തസ്കിന്‍ അഹമ്മദും ചേര്‍ന്ന് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ ബംഗ്ലാ ഇന്നിങ്സ് അവസാനിച്ചു.

Advertising
Advertising

മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം  ബംഗ്ലാദേശ് ബാറ്റർ ലിറ്റൺ ദാസിന് ഒരമൂല്യ സമ്മാനവുമായി ഇന്ത്യന്‍ താരം വിരാട് കോഹ്‍ലിയെത്തി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ജലാല്‍ യൂനുസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

''ഞങ്ങൾ ഡൈനിങ്ങ് ഹാളിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് വിരാട് കോഹ്ലി ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. ലിറ്റണ് ഒരു ബാറ്റ് അദ്ദേഹം സമ്മാനിച്ചു. ആ നിമിഷം ലിറ്റണ് വലിയ പ്രചോദനമാവും എന്ന് എനിക്കുറപ്പാണ്. അദ്ദേഹം മികച്ചൊരു ബാറ്ററാണ്. ടെസ്റ്റിലും ഏകദിനത്തിലുമൊക്കെ അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്''  ജലാല്‍ യൂനുസ് പറഞ്ഞു. 

സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യയുടെ ജയത്തോടെ ടി20 ലോകകപ്പിൽ സെമി ലൈനപ്പായി. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും. ഇന്ത്യക്ക് ഇംഗ്ലണ്ടാണ് എതിരാളികൾ. വ്യാഴാഴ്ച അഡലൈഡിലാണ് രണ്ടാം സെമി..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News