'ഇന്ത്യയുടെ ഓപ്പണറായിട്ടാണ് ടീമിലെടുത്തതെന്ന് കോഹ്‌ലി പറഞ്ഞു'; വെടിക്കെട്ട് പ്രകടനത്തിന് ശേഷം ഇഷാന്‍ കിഷന്‍

32 പന്തില്‍ 11 ഫോറും നാലു സിക്‌സും സഹിതം 84 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്

Update: 2021-10-09 10:21 GMT
Editor : dibin | By : Web Desk
Advertising

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലി നേരത്തേ തന്നെ അറിയിച്ചിരുന്നതായി മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. ഐപിഎല്ലിന്റെ അവസാന ലീഗ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇഷാന്‍ കിഷന്‍ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനം ശ്രദ്ധ നേടിയിരുന്നു. 32 പന്തില്‍ 11 ഫോറും നാലു സിക്‌സും സഹിതം 84 റണ്‍സാണ് കിഷന്‍ അടിച്ചുകൂട്ടിയത്. ഇതിനു പിന്നാലെയാണ്, ട്വന്റി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നായി വിരാട് കോഹ്‌ലി അറിയിച്ചിരുന്നുവെന്ന ഇഷാന്‍ കിഷന്റെ വെളിപ്പെടുത്തല്‍.

'ട്വന്റ20 ലോകകപ്പിനു മുന്‍പേ ഫോമിലേക്കു തിരിച്ചെത്താനായതില്‍ സന്തോഷം. കുറച്ചു റണ്‍സ് നേടാന്‍ കഴിഞ്ഞതും എനിക്കും ടീമിനും വലിയ ആശ്വാസമായി. ഈ കളിക്കു മുന്‍പേ വളരെ നല്ല മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഞങ്ങള്‍ക്ക് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ 250-260 റണ്‍സെങ്കിലും വേണമായിരുന്നു. ആ ലക്ഷ്യം മനസ്സിലിട്ടാണ് ബാറ്റിങ്ങിന് ഇറങ്ങിയത്' - ഇഷാന്‍ കിഷന്‍ പറഞ്ഞു.

'വിരാട്കോഹ്‌ലി, ജസ്പ്രീത് ബുമ്ര എന്നിവരുമായി അടുത്തിടെ തുറന്നു സംസാരിക്കാന്‍ കഴിഞ്ഞത് എന്നെ വളരെയധികം സഹായിച്ചു. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ സഹായവും വളരെയധികമുണ്ടായിരുന്നു. ഇത് പഠിക്കാനുള്ള യഥാര്‍ഥ അവസരമാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ഇപ്പോള്‍ ആവര്‍ത്തിക്കുന്ന പിഴവുകള്‍ തിരുത്തണമെന്നും വരുന്ന ലോകകപ്പില്‍ അതൊന്നും സംഭവിക്കരുതെന്നും അവര്‍ പറഞ്ഞു' - ഇഷാന്‍ കിഷന്‍ പറഞ്ഞു. എന്നെ ഓപ്പണറായിട്ടാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിരാട് ഭായ് കൂടെക്കൂടെ ഓര്‍മിപ്പിച്ചിരുന്നു. അതിനായി തയ്യാാറെടുക്കാനും ആവശ്യപ്പെട്ടു. ലോകകപ്പ് പോലുള്ള വേദികളില്‍ എന്തു വെല്ലുവിളിയും നേരിടാന്‍ നാം തയാറായിരിക്കണമെന്നു തോന്നുന്നു' - ഇഷാന്‍ കിഷന്‍ പറഞ്ഞു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News