'അവർ ഇരിക്കട്ടെ': ഫാസ്റ്റ്ബൗളർമാർക്ക് ബിസിനസ് ക്ലാസ് സീറ്റുകൾ നൽകി രോഹിതും കോഹ്‌ലിയും ദ്രാവിഡും

സാധാരണ കോച്ചിനും, ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും, മാനേജറിനുമാണ് അന്താരഷ്ട്ര ക്രിക്കറ്റ് സമിതിയുടെ നിയമ പ്രകാരം ബിസിനസ് ക്ലാസ് ലഭിക്കുക.

Update: 2022-11-08 15:03 GMT
Editor : rishad | By : Web Desk

അഡലയ്ഡ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി ബിസിനസ് ക്ലാസിലെ തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കി രോഹിതും കോഹ്‌ലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വേണ്ട ലെഗ് സ്‌പേസ് ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ സീറ്റ് വിട്ടുകൊടുത്തത്. ഐ.സി.സി ചട്ടം അനുസരിച്ച് ഒരു ടീമിന് നാല് ബിസിനസ് ക്ലാസ് സീറ്റുകളാണ് ലഭിക്കുക. 

മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അര്‍ഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കായാണ് സീറ്റുകള്‍ വിട്ടുകൊടുത്തത്. മറ്റു സീറ്റുകളിൽ നിന്നും വ്യത്യസ്തമായി ബിസിനസ്‌ ക്ലാസിൽ ധാരാളമായി കാൽ നീട്ടി ഇരിക്കാൻ സാധിക്കുന്നത് കൂടുതൽ അത്‌ലറ്റിസം ആവശ്യമായ ഫാസ്റ്റ് ബൗളർമാരുടെ ക്ഷീണം എളുപ്പം മറികടക്കാൻ സഹായിക്കും. സാധാരണ കോച്ചിനും, ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും, മാനേജറിനുമാണ് അന്താരഷ്ട്ര ക്രിക്കറ്റ് സമിതിയുടെ നിയമ പ്രകാരം ബിസിനസ് ക്ലാസ് ലഭിക്കുക.

Advertising
Advertising

മത്സരങ്ങൾക്കായി കൂടുതൽ യാത്ര ചെയ്യേണ്ടി വരുമെന്നതിനാൽ ഇത്തരമൊരു തീരുമാനം ടൂർണമെന്റിന് മുന്നെ കൈകൊണ്ടിരുന്നതായി ടീമിന്റെ പരിശീലക സംഘാംഗത്തെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. നവംബര്‍ 10ന് ഇംഗ്ലണ്ടിന് എതിരെ അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം.  അതേസമയം പരിശീലനത്തിനിടെ രോഹിത് ശർമ്മക്ക് പരിക്കേറ്റെങ്കിലും പ്രശ്‌നമാകില്ലെന്ന് പുതിയ റിപ്പോർട്ടുകൾ.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ നായകന്റെ സേവനം ഇന്ത്യക്ക് പഴയത് പോലെതന്നെ ലഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ രോഹിതിന്റെ കൈക്കുഴയ്ക്കാണ് പരിക്കേറ്റിരുന്നത്. പന്ത് കൈയ്യിൽ കൊണ്ടതിന് ശേഷം വേദനകൊണ്ട് രോഹിത് ബാറ്റ് താഴെയിടുകയും ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ഫിസിയോ സംഘമെത്തി താരത്തെ പരിശോധിക്കുകയും ചെയ്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News