വിരാട് കോഹ്‍ലിക്ക് ഭാരത രത്നയും വിരമിക്കൽ മത്സരവും നൽകണം -സുരേഷ് റൈന
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് ഭാരത് രത്ന നൽകണമെന്ന അഭിപ്രായവുമായി മുൻ താരം സുരേഷ് റൈന. നിലവിൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നേടിയ ഏക കായികതാരം. കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റൈനയുടെ ആവശ്യം.
ജിയോ ഹോട്ട് സ്റ്റാറുമായി സംസാരിക്കവേ ക്രിക്കറ്റ് നൽകിയ സംഭാവനകൾ പരിഗണിച്ച് കോഹ്‍ലിക്ക് ഭാരത രത്ന സമ്മാനമായി നൽകണം എന്നായിരുന്നു റൈനയുടെ പരാമർശം.
2014ലായിരുന്നു സച്ചിന് ഭാരത രത്ന നൽകിയത്. കായിക താരങ്ങളിൽ നിന്നും സച്ചിൻ മാത്രമാണ് ഭാരത് രത്ന നേടിയിട്ടുള്ളത്. കായിക താരങ്ങൾക്ക് നൽകാൻ വ്യവസ്ഥയില്ലായിരുന്നുവെങ്കിലും വിവിധ തലങ്ങളിൽ നിന്നും ആവശ്യമുന്നയിച്ചതോടെയാണ് സച്ചിന് നൽകിയത്.
കൂടാതെ കോഹ്‍ലിക്ക് വിരമിക്കൽ മത്സരം ഒരുക്കി നൽകണമെന്നും റൈന ആവശ്യപ്പെട്ടു. ‘‘കോഹ്‍ലിക്ക് ഡൽഹിയിൽ ഒരു വിരമിക്കൽ മത്സരം ഒരുക്കണം. അദ്ദേഹത്തിന്റെ കുടുംബവും കോച്ചും അദ്ദേഹത്തെ പിന്തുണക്കാൻ അവിടെയുണ്ടാകണം. രാജ്യത്തിനായി അദ്ദേഹം ഒരുപാട് നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു വിരമിക്കൽ മത്സരം അർഹിക്കുണ്ട്’’ -റൈന പ്രതികരിച്ചു.