ഇഷൻ കിഷന് പരിക്കേറ്റു; 'കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി' വിഷ്ണു വിനോദ്‌; ഐ.പി.എല്ലിൽ ആദ്യം

ക്രിസ് ജോര്‍ദാന്‍റെ കൈമുട്ട് ഇഷന്‍ കിഷന്‍റെ ഇടത്തെ കണ്ണില്‍ കൊള്ളുകയായിരുന്നു.

Update: 2023-05-27 04:15 GMT
Editor : rishad | By : Web Desk
പരിക്കേറ്റ ഇഷാന്‍ കിഷന്‍
Advertising

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിനിടെ മുംബൈ ഇന്ത്യന്‍സിന്‍റെ വിക്കറ്റിന് പിന്നില്‍ ഇഷന്‍ കിഷന്‍ മാറിയപ്പോള്‍ എത്തിയത് മലയാളിതാരം വിഷ്‌ണു വിനോദ്. ഇഷന്‍ കിഷന് എന്താണ് സംഭവിച്ചതെന്ന് മത്സരം ടെലിവിഷനില്‍ കണ്ട ആരാധകര്‍ക്ക് ആദ്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് കാര്യങ്ങള്‍ മനസിലായി. പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇഷന്‍ കിഷന്റെ പിന്മാറ്റം. 

ക്രിസ് ജോര്‍ദാന്‍റെ കൈമുട്ട് ഇഷന്‍ കിഷന്‍റെ ഇടത്തെ കണ്ണില്‍ കൊള്ളുകയായിരുന്നു. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ 16-ാം ഓവറിന് ശേഷമായിരുന്നു നാടകീയ സംഭവം. ഫിസിയോ പരിശോധിച്ചെങ്കിലും താരത്തിന് ഡ്രസിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. പിന്നാലെ ഇഷൻ ഈ മത്സരത്തിൽ നിന്ന് പുറത്തായെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. ഇഷന് പകരം ഇമ്പാക്ട് പ്ലേയറായ നേഹാൽ വധേരയാണ് രോഹിതിനൊപ്പം മുംബൈയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്തത്. 

പരിക്കേറ്റതിന് പിന്നാലെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായാണ് മുംബൈ ഇന്ത്യൻസ്, വിഷ്ണു വിനോദിനെ ഇറക്കി‌യത്. 2020ൽ ഐപിഎല്ലിൽ കൺകഷൻ നിയമം വന്നെങ്കിലും ഇത്തരത്തിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങുന്ന ആദ്യ താരമാണ് വിഷ്ണു വിനോദ്. 

അതേസമയമം ഇഷൻ പരിക്കേറ്റ് പുറത്തായത് മുംബൈ ഇന്ത്യൻസിനെ ശരിക്കും ബാധിച്ചു. ഇഷന് പകരം മുംബൈയുടെ ബാറ്റിംഗ് ഓപ്പൺ ചെയ്ത നേഹാൽ വധേര വെറും 4 റൺസെടുത്ത് പുറത്തായി. വിഷ്ണു വിനോദാവട്ടെ 7 പന്തിൽ 5 റൺസ് മാത്രമാണ് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം മൈതാനത്ത് പടുകൂറ്റന്‍ സ്കോറാണ്(233-3) മുംബൈ ഇന്ത്യന്‍സിനെതിരെ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങില്‍ മുംബൈക്ക് നേടാനായത് 171 റണ്‍സ് മാത്രം. 18.2 ഓവറില്‍ എല്ലാവരും പുറത്ത്.

സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. 60 പന്തിൽ പത്ത് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 129 റൺസാണ് ഗിൽ അടച്ചെടുത്തത്. മറുപടി ബാറ്റിങിൽ 38 പന്തിൽ 61 റൺസുമായി സൂര്യകുമാർ യാദവ് ശ്രമിച്ചെങ്കിലും എത്തിയില്ല. 14 പന്തിൽ 43 റൺസുമായി തിലക് വർമ ആഞ്ഞുപിടിച്ചെങ്കിലും റാഷിദ് ഖാന്റെ പന്തിൽ പുറത്ത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News