'ഗംഗയില്‍ നിന്ന് ചന്ദ്രമുഖിയിലേക്കുള്ള പരിവര്‍ത്തനമാണ് നമ്മള്‍ കണ്ടത്'; കോഹ്‍ലിയുടെ പ്രകടനത്തെക്കുറിച്ച് സഹതാരം

''അദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് ഏതോ ആത്മാവ് കയറി എന്നാണ് ഞാന്‍ കരുതിയത്''

Update: 2022-10-26 13:29 GMT
Advertising

ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍  പാകിസ്താനെതിരായ ഐതിഹാസിക വിജയത്തിന് ശേഷം  ഇന്ത്യയുടെ വീരനായകന്‍ വിരാട് കോഹ്‍ലിയെ  പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകരും ഇന്ത്യന്‍ താരങ്ങളും. കളി കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ക്രിക്കറ്റ് ലോകത്ത് ഇന്ത്യ- പാക് ആവേശപ്പോരിനെ കുറിച്ച ചര്‍ച്ചകളൊടുങ്ങിയിട്ടില്ല.

ഇപ്പോഴിതാ വിരാട് കോഹ്‍ലിയുടെ പ്രകടനത്തെ തമിഴ് ചിത്രം ചന്ദ്രമുഖിയോട് ഉപമിച്ചിരിക്കുകയാണ് സഹതാരം ആര്‍ അശ്വിന്‍. വിരാട് കോഹ്‍ലിയുടെ ശരീരത്തില്‍ ഏതോ ആത്മാവ് കയറിയത് പോലെയാണ് തനിക്ക് തോന്നിയത് എന്ന് അശ്വിന്‍ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ കോഹ്‍ലിയെ വാനോളം പുകഴ്തിത്തിയത്. 

''അദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് ഏതോ ആത്മാവ് കയറി എന്നാണ് ഞാന്‍ കരുതിയത്. എത്ര മനോഹരമായിരുന്നു ആ ഇന്നിങ്‌സ്. 45 പന്തുകൾക്ക് ശേഷം ഗംഗയിൽ നിന്ന് ചന്ദ്രമുഖിയിലേക്കുള്ള പരിവർത്തനമാണ് നമ്മൾ കണ്ടത്.''- അശ്വിന്‍ പറഞ്ഞു. മത്സരത്തില്‍ ഇന്ത്യയുടെ വിജയ റണ്‍ നേടിയത് അശ്വിനായിരുന്നു. 

കളി പതിനെട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍129 റണ്‍സായിരുന്നു. രണ്ടോവറില്‍ ജയിക്കാന്‍ 31 റണ്‍സ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തില്‍ ഇന്ത്യ നേടിയത് വെറും മൂന്ന് റണ്‍സ്. സമ്മര്‍ദത്തില്‍ വീണു പോയ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറി കണ്ടെത്താന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹാരിസ് റഊഫെറിഞ്ഞ അവസാന രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ പറത്തി കോഹ്‍ലി ആവേശപ്പോരിന്‍റെ ത്രില്ല് അവസാന ഓവറിലേക്ക് നീട്ടി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും സമ്മര്‍ദം. തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സിംഗിള്‍. മൂന്നാം പന്തില്‍‌ കോഹ്‍ലി രണ്ട് റണ്‍സ് കുറിച്ചു. നാലാം പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് കോഹ്‍ലിയുടെ മനോഹര സിക്സര്‍. തൊട്ടടുത്ത പന്തില്‍ മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് പുറത്തായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി അശ്വിന്‍ ഇന്ത്യയെ വിജയതീരമണച്ചു. ഒരു ഘട്ടത്തില്‍ 31 റണ്‍സെടുക്കുന്നതിനിടെ നാല് ബാറ്റര്‍മാരെ നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് കോഹ്‍ലി വിജയത്തിലെത്തിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News