ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിൽ മഴപെയ്യുമോ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ...
മത്സര ദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല.
അഡ്‌ലയ്ഡ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം മഴയെടുക്കുമോ? ആരാധകര്‍ ഒന്നടങ്കം ആശങ്കയോടെയാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ലോകകപ്പില്‍ നിരവധി മത്സരങ്ങള്‍ മഴയെടുത്തിരുന്നു. വ്യാഴാഴ്ച അഡ്ലയ്ഡിലാണ് മത്സരം.
എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ആസ്ട്രേലിയന്‍ കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്നത്. മത്സരദിവസം മഴ പെയ്യാന്‍ 30 ശതമാനം സാധ്യതയുണ്ടെങ്കിലും കളിയെ ബാധിക്കില്ല. രാവിലെയായിരിക്കും മഴ പെയ്യുക. പ്രാദേശിക സമയം വൈകിട്ട് 6.30ന്(ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30)ആണ് മത്സരം തുടങ്ങുക എന്നതിനാല്‍ രാവിലെ മഴ പെയ്താലും മത്സരത്തെ ബാധിക്കില്ല. മഴ മൂലം മത്സരം നടത്താനാവാത്ത സാഹചര്യമുണ്ടായാല്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ച മത്സരം നടത്തും.
സൂപ്പര്‍ 12ലെ അവസാന മാച്ചില്‍ സിംബാബ്‌വെയെ 71 റണ്‍സിനു തകര്‍ത്തതോടെയാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. അതേസമയം ബുധനാഴ്ച ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡ് പാകിസ്താനെയും നേരിടും. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ഇലവനില്‍ ചില മാറ്റങ്ങളുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. സിംബാബ്‌വെയുമായുള്ള അവസാന മാച്ചില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്.
അതേസമയം ഇംഗ്ലണ്ട് ബാറ്റര്‍ ഡേവിഡ് മലാന് പരിക്കേറ്റത് ടീമിന് കനത്ത തിരിച്ചടിയായി. പരിക്കേറ്റ താരത്തിന് ഇന്ത്യക്കെതിരെയുള്ള മത്സരം നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.