ലൈംഗീകാതിക്രമം; വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പരാതിയുമായി യുവതികൾ
ഗയാന: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗികാതിക്രമ പരാതി. ലൈംഗിക പീഡനം, ബലാത്സംഗം ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 11 പേരാണ് രംഗത്ത് വന്നത്. വിൻഡീസ് സീനിയർ ടീം അംഗമാണ് ആരോപണവിധേയനെന്ന് കരീബിയൻ മാധ്യമമായ സ്‌പോർട്‌സ് മാക്്‌സ് ടിവി റിപ്പോർട്ട് ചെയ്തു.
ഇതുവരെ നിയമപരമായി കേസ് നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗയാന ആസ്ഥാനമായുള്ള പത്രം കയേറ്റർ സ്‌പോർട്‌സാണ് ഈ വാർത്ത ആദ്യം പുറത്തു വിട്ടത്. ഗയാനയിലെ ബർബിസിലെ യുവതിയാണ് ആദ്യം പരാതിയുമായെത്തിയത്. പെൺകുട്ടിക്ക് 18 വയസ്സുമാത്രം പ്രായമുള്ളപ്പോളായിരുന്നു സംഭവം. ന്യൂ ആംസ്റ്റർഡാമിലെ വീട്ടിൽ വെച്ചായിരുന്നു ബലാത്സംഗമെന്നും പരാതിയിൽ പറയുന്നു. ഈ താരത്തിന് യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തുടർന്ന് താരവും ഗയാനയിലെ അധികൃതരും ചേർന്ന് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
ഈ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമാണ് കൂടുതൽ പേര് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ക്രിക്കറ്റ് വെസ്റ്റിൻഡീസ് തയാറായില്ല. ഗയാനയിലെ അധികൃതരിൽ നിന്നും ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചില്ലെന്നും സിഡബ്ല്യൂഐ വ്യക്തമാക്കി.