'പെര്‍ഫെക്ട് ഓ.കെ'; ദ്രാവിഡ് പൂര്‍ണ ആരോഗ്യവാന്‍, ടീമിനൊപ്പം ചേരും

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ മൂന്നാം ഏകദിനം

Update: 2023-01-13 14:11 GMT

രാഹുല്‍ ദ്രാവിഡ്

Advertising

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേരും. ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ദ്രാവിഡ് അസുഖത്തെത്തുടര്‍ന്ന് മടങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നാലെ ഇന്ന് രാവിലെ മൂന്ന് മണിയോടെ കൊല്‍ക്കത്തയില്‍ നിന്ന് ദ്രാവിഡ് ബെംഗളൂരുവിലേക്ക് തിരിച്ചു. ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നു.

എന്നാല്‍ ദ്രാവിഡ് മത്സരത്തിന് മുന്‍പ് തന്നെ ടീമിനൊപ്പം ചേരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ മൂന്നാം ഏകദിനം. ഇതിന് മുന്‍പായി ദ്രാവിഡ് ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു

ദ്രാവിഡിന് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നു. അതിന്‍റെ ബുദ്ധിമുട്ടുകള്‍ മാത്രമാണ് അദ്ദേഹത്തില്‍ പ്രകടമായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. വിശദമായ മെഡിക്കല്‍ ചെക്കപ്പിനാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചത്. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ എല്ലാം നോര്‍മല്‍ ആണെന്ന് കണ്ടതോടെ അദ്ദേഹം തിരികെ ടീമിനൊപ്പം ചേരുമെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്

വ്യാഴാഴ്ച നടന്ന ഇന്ത്യയുടെ രണ്ടാം ഏകദിനത്തിന് മുന്‍പും ദ്രാവിഡ് അസ്വസ്ഥനായിരുന്നു. ചെറിയ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തിന് തോന്നിയിരുന്നു. പിന്നീട് മത്സരശേഷം കൊല്‍ക്കത്തയില്‍ വെച്ച് ദ്രാവിഡിന് ആരോഗ്യപ്രശ്നങ്ങള്‍ വീണ്ടും കൂടിയതോടെ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയും മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം തിരിച്ച് നാട്ടിലേക്ക് മടങ്ങിയത്.

ഈ ബുധനാഴ്ചയാണ് ടീമിനൊപ്പം ദ്രാവിഡ് തന്‍റെ 50-ാം ജന്മദിനം ആഘോഷിച്ചത്.നേരത്തേ മൂന്ന് ടി20കളടങ്ങുന്ന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര നേടിനില്‍ക്കുന്നതുകൊണ്ട് തന്നെ അവസാന ഏകദിനവും കൂടി ജയിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനായിരിക്കും ഇന്ത്യന്‍ ടീമിന്‍റെ ശ്രമം

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News