ക്ലൈമാക്‌സിൽ സെനഗൽ വീണു; ഐവറികോസ്റ്റ് ആഫ്‌കോൺ ക്വാർട്ടറിൽ

സാദിയോ മാനെ, ഇസ്മായിൽസർ ഉൾപ്പെടെ സൂപ്പർതാര നിരനിര ഇറങ്ങിയിട്ടും സെനഗലിന് രക്ഷയുണ്ടായില്ല. നേരത്തെ മുൻ ചാമ്പ്യൻമാരായ ഈജിപ്തും ആഫ്‌കോണിൽ നിന്ന് പുറത്തായിരുന്നു.

Update: 2024-01-30 07:25 GMT
Editor : Sharafudheen TK | By : Web Desk
Advertising

സാൻപെഡ്രോ: അത്യന്തം ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ സെനഗലിനെ തോൽപിച്ച് ഐവറി കോസ്റ്റ് ആഫ്രിക്കൻ നേഷൺസ് കപ്പ് ക്വാർട്ടറിൽ. മുഴുവൻ സമയവും എക്‌സ്ട്രാ സമയത്തും ഇരുടീമുകളും സമനില(1-1) പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ആതിഥേയ ടീം വിജയിച്ചത്. സാദിയോ മാനെ, ഇസ്മായിൽസർ ഉൾപ്പെടെ സൂപ്പർതാര നിരനിര ഇറങ്ങിയിട്ടും സെനഗലിന് രക്ഷയുണ്ടായില്ല. നേരത്തെ മുൻ ചാമ്പ്യൻമാരായ ഈജിപ്തും ആഫ്‌കോണിൽ നിന്ന് പുറത്തായിരുന്നു.

നാലാം മിനിറ്റിൽ ഹബീബ ഡയല്ലോയിലൂടെ സെനഗലാണ് ആദ്യലീഡെടുത്തത്. ഒറ്റഗോൾ മേധാവിത്വവുമയി ആദ്യ പകുതി പിടിച്ചുനിന്ന ചാമ്പ്യൻമാർക്ക് രണ്ടാം പകുതിയിൽ തിരിച്ചടി നേരിടുകയായിരുന്നു. മത്സരം അവസാനിക്കാൻ നാല് മിനിറ്റ് ബാക്കിനിൽക്കെ പെനാൽറ്റിയിലൂടെ ഐവറികോസ്റ്റ് സമനില പിടിച്ചു. ഫ്രാക്ക് കെസി അനായാസം പന്ത് വലയിലാക്കി. (1-1). എക്‌സ്ട്രാ സമയത്ത് വിജയഗോളിനായി ഇരുടീമുകളും അക്രമിച്ച് കളിച്ചെങ്കിലും വലകുലുക്കാനായില്ല. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സെനഗലിന് പിഴച്ചു. മൗസ നിയേകാറ്റയുടെ ഷോട്ട് വലയിലെത്തിയില്ല. ഐവറി കോസ്റ്റിനായി അവസന കിക്കെടുത്ത ഫ്രാങ്ക് കെസി മുൻ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ മറികടന്ന് പന്ത് വലയിലാക്കി ക്വാർട്ടർ പ്രവേശനമുറപ്പിച്ചു.

ആതിഥേയരായ ഐവറികോസ്റ്റിന്റെ ആഫ്രിക്കൻ നേഷൻസ് കപ്പിലെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യറൗണ്ടിൽ ഇക്വട്ടോറിയൽ ഗിനിയക്കെതിരെ തോൽവി നേരിട്ടതോടെ പരിശീലകൻ ജീൻ ലൂയിസ് ഗാസറ്റിനെ പുറത്താക്കിയിരുന്നു. ഇതിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് ടീം പിന്നീട് നടത്തിയത്. ഒടുവിൽ ടൂർണമെന്റിലെ ഫേവറേറ്റുകളെ തോൽപിച്ച് അവസാന എട്ടിലേക്ക് പ്രവേശനം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News