'എനിക്ക് ഒന്നും അറിയില്ല': സലാഹിന്റെ ഭാവി അനിശ്ചിതത്വത്തിൽ, ഉത്തരമില്ലാതെ സ്ലോട്ട്

Update: 2025-12-09 07:27 GMT
Editor : Harikrishnan S | By : Sports Desk

മിലാൻ: സലാഹ് ലിവർപൂളിനായി അവസാന മത്സരം കളിച്ചോ? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. തനിക്കൊന്നും അറിയില്ലെന്നും, ഈ ചോദ്യത്തിന് ഉത്തരം പറയാൻ തനിക്കാകില്ല എന്നായിരുന്നു സ്ലോട്ടിന്റെ മറുപടി. ഇന്ററുമായുള്ള ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള സ്‌ക്വാഡിൽ നിന്ന് സലാഹിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഈ ചോദ്യം ഉയർന്നത്. മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് സ്ലോട്ട് ഈ പ്രസ്താവന നടത്തിയത്. നേരത്തെ പ്രീമിയർ ലീഗിലെ ലീഡ്‌സുമായുള്ള മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സലാഹ് ആർനെ സ്ലോട്ടിനെതിരെയും ലിവർപൂളിനെതിരെയും കടുത്ത പ്രസ്താവനകൾ നടത്തിയിരുന്നു.

Advertising
Advertising

ലിവർപൂൾ തന്നെ ചതിച്ചതാണെന്നും, സ്ലോട്ടും താനുമായി അത്ര നല്ല ബന്ധത്തിലല്ല എന്നുമാണ് സലാഹ് മാധ്യമങ്ങളോട് പറഞ്ഞത്. അതെ തുടർന്നാണ് ഇന്ററിനെതിരായുള്ള ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡിൽ നിന്ന് ഈജിപ്ഷ്യൻ താരം പുറത്തായത്. സലാഹിന് അങ്ങനെ തോന്നാനുള്ള എല്ലാ അർഹതയുമുണ്ടെന്നും പക്ഷെ അത് മാധ്യമങ്ങളോട് പങ്കുവെക്കാനുള്ള അർഹതയില്ലെന്നുമാണ് സ്ലോട്ട് അഭിപ്രായപ്പെട്ടത്. 'സാധാരണ ഞാൻ ശാന്തനും മര്യാദയുള്ളവനുമാണ് പക്ഷെ അതിനർത്ഥം ഞാൻ ദുർബലൻ ആണെന്നല്ല. ഒരു താരം വന്നു ഇങ്ങനെയുള്ള പ്രസ്താവനകൾ നടത്തുമ്പോൾ ക്ലബിന് നടപടിയെടുത്തെ പറ്റൂ. അതുകൊണ്ടാണ് സലാഹ് നമ്മോടപ്പം ഇവിടെ ഇല്ലാത്തത്' എന്നും ലിവർപൂൾ പരിശീലകൻ കൂട്ടിച്ചേർത്തു.

അതെ പ്രത്രസമ്മേളനത്തിൽ ലിവർപൂൾ കീപ്പർ അലിസൺ ബെക്കർ ആർനെ സ്ലോട്ടിനനുകൂലമായാണ് സംസാരിച്ചത്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ജയം പലരും നിസ്സാരമായാണ് കാണുന്നതെന്നും സ്ലോട്ടിന്റെ ശൈലിയിൽ തനിക്ക് പൂർണ വിശ്വാസമാണെന്നുമാണ് അലിസൺ പറഞ്ഞത്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയിൽ നിന്ന് തിരികെ കൊണ്ടുവരാൻ സ്ലോട്ടിനാകുമെന്നാണ് അലീസന്റെ വിശ്വാസം. തനിക്ക് മാത്രമല്ല ക്ലബ്ബിനും ഡച്ച് പരിശീലകനിൽ പൂർണ വിശ്വാസമുണ്ടെന്നും അലിസൺ വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ഇന്ററിനെതിരെ ഇറങ്ങുന്ന ടീമിൽ സലാഹിനോപ്പം, പരിക്ക് മൂലം കോടി ജാക്പോയും, ഫെഡറികോ കിയേസയും ടീമിലുണ്ടാകില്ല. ഇന്ററിനെതിരായ ടീമിന്റെ പ്രകടനം സ്ലോട്ടിന്റെ ഭാവിയെ വലിയ രീതിയിൽ ബാധിച്ചേക്കില്ല എന്നാണ് അത്ലറ്റിക് പോലുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News