നിര്‍ണ്ണായക പെനാല്‍ട്ടി പാഴാക്കി ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ തോല്‍വി

ആസ്റ്റണ്‍ വില്ലയാണ് എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡിനെ തകര്‍ത്തത്

Update: 2021-09-25 15:16 GMT

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ തോല്‍വി. ആസ്റ്റണ്‍ വില്ലയോടാണ് മാഞ്ചസ്റ്ററിന്‍റെ തോല്‍വി. നാല് ദിവസത്തിനിടെ യുണൈറ്റഡിന്‍റെ രണ്ടാം തോല്‍വിയാണിത്. മൂന്ന് ദിവസം മുമ്പ് കാര്‍ബോ കപ്പില്‍ വെസ്റ്റ് ഹാമിനെതിരെ  മാഞ്ചസ്റ്റര്‍ തോല്‍വി വഴങ്ങിയിരുന്നു.  

മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍  വച്ച് നടന്ന  മത്സരത്തില്‍ കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചു. കളിയിലുടനീളം ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ ഗോളാക്കാനായില്ല. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ആസ്റ്റണ്‍ വില്ല വല കുലുക്കിയത്. കോട്നി ഹോസാണ് ആസ്റ്റണ്‍ വില്ലക്കായി ഹെഡ്ഡറിലൂടെ ഗോള്‍ നേടിയത്.

Advertising
Advertising

ഇഞ്ച്വറി ടൈമിലേക്ക് നീണ്ട കളിയില്‍ 92-ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന് ലഭിച്ച നിര്‍ണായക പെനാല്‍ട്ടി പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പുറത്തേക്കടിച്ചു കളഞ്ഞു. പോയന്‍റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്നായി നാല് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം 13 പോയിന്‍റുമായി യുണൈറ്റഡ് നാലാം സ്ഥാനത്താണിപ്പോള്‍.  മറ്റൊരു പ്രധാനമത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ തകര്‍ത്തു,

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News