ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കും ചെൽസിക്കും സമനില ; മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

Update: 2025-11-06 05:13 GMT

ബാഴ്‌സലോണ : യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ ബാഴ്‌സലോണയെ സമനിലയിൽ തളച്ച് ബെൽജിയൻ ക്ലബ് ക്ലബ് ബ്രൂജ്. ജാൻ ബ്രെയ്‌ഡൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി. ബാഴ്‌സക്കായി ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവർ ഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ ക്ലബ് ബ്രൂജ് താരം ക്രിസ്റ്റോസ് സോലിസിന്റെ വകയായിരുന്നു.

ആറാം മിനുട്ടിൽ നിക്കോളോ ട്രെസോൾഡിയുടെ ഗോളിൽ ക്ലബ് ബ്രൂജ് ലീഡ് നേടി. തൊട്ട് പിന്നാലെ ഫെർമിൻ ലോപ്പസിന്റെ പാസിനെ വലയിലെത്തിച്ച് ഫെറാൻ ടോറസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. പതിനേഴാം മിനുട്ടിൽ കാർലോസ് ഫോർബ്‌സ് നേടിയ ഗോളിൽ ക്ലബ് ബ്രൂജ് ആദ്യ പകുതിയിൽ ലീഡെടുത്തു.

Advertising
Advertising

അറുപത്തിയൊന്നാം മിനുട്ടിൽ ലമീൻ യമാലിന്റെ ഗോളിൽ ബാഴ്‌സ വീണ്ടും സമനില നേടി. എന്നാൽ രണ്ട് മിനുട്ടിന്റെ ഇടവേളയിൽ കാർലോസ് ഫോർബ്‌സ് ക്ലബ് ബ്രൂജിന് ലീഡ് സമ്മാനിച്ചു. എഴുപതാം മിനുട്ടിൽ ക്ലബ് ബ്രൂജിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാറിൽ വിധി മാറി. എഴുപത്തിയേഴാം മിനുട്ടിൽ ബാഴ്സയുടെ സമനില ഗോളെത്തി. വലതുവിങ്ങിലൂടെ ബോക്സിലേക്ക് കടന്ന യമാൽ പോസ്റ്റിലേക്ക് എടുത്ത ഷോട്ടിനെ ഹെയ്ഡറിലൂടെ ക്ലിയർ ചെയ്യാനുള്ള ക്ലബ് ബ്രൂജ് താരത്തിന് പിഴച്ചു, താരത്തിന്റെ തലയിൽ തട്ടിയ പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് പറന്നിറങ്ങി. കളിയുടെ അവസാന മിനുട്ടുകളിൽ ക്ലബ് ബ്രൂജ് നാലാം ഗോൾ നേടിയെങ്കിലും ബാഴ്‌സ ഗോൾകീപ്പർ ഷെസ്നിയെ ഫൗൾ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ചെൽസിയെ അസർബൈജാൻ ക്ലബ് കരാബാത് സമനിലയിൽ തളച്ചു. എസ്താവോ വില്യൻ, ഗാർനാച്ചോ എന്നിവരാണ് ചെൽസിക്കായി സ്കോർ ചെയ്തത്. അന്ദ്രാദേയും ജങ്കോവിച്ചും കരാബാഗിനയി ഗോൾ നേടി. സമനിലയോടെ ഏഴ് പോയിൻ്റുമായി പട്ടിക 12ാം സ്ഥാനത്താണ് ചെൽസി.

മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കു തകർത്ത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ എർലിങ് ഹാളണ്ട്, റയാൻ ചെർക്കി എന്നിവർ ഓരോ ഗോളും നേടി. വാൽഡെമാർ ആന്റോണാണ് ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News