ആവശ്യങ്ങൾ ഏറെ, പക്ഷെ പണമില്ല; ബാഴ്‌സയുടെ ജനുവരി ട്രാൻസ്ഫർ പ്ലാൻ
പരിക്കേറ്റ ക്രിസ്റ്റൻസന് പകരം ജനുവരി ട്രാൻസ്ഫറിൽ ഡിഫൻഡറെയെത്തിക്കാൻ കറ്റാലൻ ക്ലബിന് പദ്ധതിയുണ്ട്
ഒരിടത്ത് പ്രസിഡന്റ് ഇലക്ഷൻ ചൂട്, കളിക്കളത്തിൽ നേരിടാനുള്ളത് നിർണായക മത്സരങ്ങൾ. ട്രാൻസ്ഫറും കോൺട്രാക്റ്റ് റിന്യൂവലും അടക്കമുള്ള പ്രതിസന്ധികൾ വേറെയും... ജനുവരി ട്രാൻസ്ഫർ ജാലകം തുറക്കാനിരിക്കെ ബാഴ്‌സലോണയുടെ മുന്നിൽ പരിഹരിക്കാനായി നിരവധി പ്രശ്‌നങ്ങളാണുള്ളത്. പ്രതിരോധത്തിലെ ഇഞ്ചുറി മുതൽ ടെര്‍സ്റ്റേഗന്റെ മടങ്ങ് വരവ് വരെയുള്ള നിരവധി ചോദ്യങ്ങൾ വരും ദിനങ്ങളിൽ ബാഴ്‌സക്ക് അഭിമുഖീകരിക്കേണ്ടിവരും.
എസിഎൽ പരിക്കിനെ തുടർന്ന് ദീർഘകാലത്തേക്ക് കളത്തിന് പുറത്തായ ആന്ദ്രെസ് ക്രിസ്റ്റ്യന്‌സന് പകരം ജനുവരി ട്രാൻസ്ഫറിൽ ഡിഫൻഡറെ ക്ലബിന് ആവശ്യമാണ്. എന്നാൽ ക്ലബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് വെല്ലുവിളിയായി നിൽക്കുന്നു. മറുഭാഗത്ത് ഇടവേളക്ക് ശേഷം ഗോൾകീപ്പർ ടെര്‍സ്റ്റേഗൻ മടങ്ങിയെത്തിയിരിക്കുന്നു. പക്ഷെ, ജോൺ ഗാർഷ്യയും ഷെസ്‌നിയുമുള്ളപ്പോൾ ജർമൻ ഗോൾകീപ്പറെ എങ്ങനെ അക്കൊമൊഡേറ്റ് ചെയ്യുമെന്നത് പരിശീലകൻ ഹാൻസി ഫ്‌ളിക്കിന് മുന്നിൽ ചോദ്യമായുണ്ട്. ഇതിന് പുറമെ റോബെർട് ലെവൻഡോവ്‌സ്‌കിക്ക് പിൻഗാമിയായി ദീർഘകാല പ്ലാനിൽ സ്‌ട്രൈക്കറെയും എത്തിക്കണം
വിയ്യാറയലിനെതിരായ അവസാന ലാലിഗ മത്സരത്തിൽ ജോൺ ഗാർഷ്യയായിരുന്നു ബാഴ്‌സയുടെ ഗോൾവല കാത്തത്. ടെർസ്റ്റാഗനും ഷെസ്‌നിയും ബെഞ്ചിലും. തൊട്ടുമുൻപ് നടന്ന കോപ ഡെൽറെ മത്സരത്തിൽ ടെര്‍സ്റ്റേഗനായിരുന്നു പ്ലെയിങ് ഇലവനിലെത്തിയത്. 212 ദിവസങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ കംബാക് മത്സരം. ക്ലീൻഷീറ്റടക്കം സ്വന്തമാക്കി മടങ്ങിവരവിൽ വരവറിയിക്കുയും ചെയ്തു.എന്നാൽ ജർമൻ ഗോൾകീപ്പറെ സ്ഥിരമായി പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ ഹാൻസി ഫ്‌ളികിന് പ്ലാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാർത്താസമ്മേളനത്തിൽ ബാഴ്‌സ കോച്ച് ഇതിന്റെ സൂചനകൾ നൽകുകയും ചെയ്തു.
വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡിൽ ജർമനിയുടെ ഒന്നാംഗോൾകീപ്പറായി ഇടംപിടിക്കുക. പരിക്ക് മാറിയെത്തിയ 33 കാരൻ ടെര്‍സ്റ്റേഗന് മുന്നിൽ ഇങ്ങനെയൊരു ലക്ഷ്യം കൂടിയുണ്ട്. എന്നാൽ ഇതിന് കൂടുതൽ ഗെയിം ടൈം ലഭിക്കണമെന്ന പ്രധാന കടമ്പയുണ്ട്. പരിക്ക് മാറിയയെത്തിയ ശേഷം ഫോം തെളിയിക്കേണ്ടതും പ്രധാനണ്. ജർമൻ പരിശീലകൻ ജൂലിയൻ നാഗ്ലെസ്മാൻ അദ്ദേഹത്തിന് നൽകിയ നിർദേശവും ഇതുതന്നെയാണ്.നിലവിൽ ബാഴ്‌സയിൽ കൂടുതൽ പ്ലേടൈം ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ ജനുവരി ട്രാൻസ്ഫറിൽ ലോണിൽ പോകുകയാണ് താരത്തി മുന്നിലുള്ള പ്രധാന ഓപ്ഷൻ. നിലവിൽ 2028 വരെയാണ് താരത്തിന് ക്ലബിനൊപ്പം കരാറുള്ളത്. നിലവിൽ പ്രീമിയർ ലീഗ് ക്ലബുകളായ ആസ്റ്റൺവില്ലയും ടോട്ടനവുമാണ് ടെര്‍സ്റ്റേഗനായി രംഗത്തുള്ളത്. എമി മാർട്ടിനസ് ക്ലബ് വിടാനിരിക്കെ മികച്ചൊരു റീപ്ലെയ്‌സ്‌മെന്റാണ് വില്ല ടെര്‍സ്റ്റേഗനിലൂടെ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിന് പുറമെ സ്‌പെയിനിൽ നിന്ന് ജിറോണയും ജർമൻ ഗോൾകീപ്പറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ടെര്‍സ്റ്റേഗന്റെ നിലപാട് തന്നെയാകും നിർണായകമാകുക
റോബെർട് ലെവൻഡോവ്‌സ്‌കിക്ക് പിൻഗാമിയാര്... ബാഴ്‌സലോണയിൽ ഇങ്ങനെയൊരു ചർച്ച ആരംഭിച്ചിട്ട് കാലം കുറച്ചായി. ഈ സീസൺ അവസാനത്തോടെ ക്ലബുമായുള്ള കരാർ അവസാനിക്കാനിരിക്കെ വെറ്ററൻ താരത്തിന് ഇനിയൊരു സീസൺ കൂടി നൽകാൻ ക്ലബ് തയാറാകില്ലെന്ന് ഉറപ്പ്. സ്‌പോട്ടിങ് ഡയറക്ടർ ഡെക്കോയും സംഘവും പുതിയ ഫോർവേഡിനായുള്ള ശ്രമംഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്. ന്യൂയോർക് ടൈംസിന്റെ അധീനതയിലുള്ള അത്‌ലറ്റിക് നൽകുന്ന റിപ്പോർട്ട് പ്രകാരം അത്‌ലറ്റികോ മാഡ്രിഡിന്റെ അർജന്റൈൻ താരം ജൂലിയൻ അൽവാരസ്, ബോൺമൗത്ത് ബ്രസീലിയൻ സ്‌ട്രൈക്കർ എവനിൽസൻ, എഫ്‌സി പോർട്ടോയുടെ സ്പാനിഷ് സ്‌ട്രൈക്കർ സാമു അഗനോവ എന്നീ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്
ബയേൺ മ്യൂണികിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയിനെ എത്തിക്കാനുള്ള വിദൂര സാധ്യതയും അന്തരീക്ഷത്തിലുണ്ട്. എന്നാൽ ക്ലബിന്റെ സാമ്പത്തികസ്ഥിതിയും മറ്റുതാരങ്ങളുടെ കൈമാറ്റവുമെല്ലാം അടിസ്ഥാനമാക്കിയാകും വരും വരുന്ന സമ്മർട്രാൻസ്ഫറിലെ ഇടപെടൽ. നിലവിൽ ലെവൻഡോക്‌സിയുടെ റോളിൽ കളിക്കുന്ന ഫെറാൻ ടോറസ് ഉജ്ജ്വലഫോമിലാണ്. റയൽ ബെറ്റീസിനെതിരായ അവസാന ലാലിഗയിൽ ഹാട്രിക് അടക്കം സ്വന്തമാക്കുകയും ചെയ്തു. ഇതുവരെയായി ലാലിഗയിൽ മാത്രം 11 ഗോളുകൾ അടിച്ചുകൂട്ടിയ സ്പാനിഷ് താരം ടോപ് ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ കിലിയൻ എംബാപ്പെക്ക് താഴെ രണ്ടാമതാണ്. പ്രോപ്പർ സ്‌ട്രൈക്കറല്ലെങ്കിലും ടോറസിന്റെ മിന്നുംഫോം ബാഴ്‌സക്ക് അഡ്വാന്റേജായിരിക്കുകയാണ്. ഇതോടെ മിഡ്‌സീസൺ ട്രാൻസ്ഫറിൽ സ്‌ട്രൈക്കർക്കായി ക്ലബ് ശ്രമം നടത്തില്ലെന്ന കാര്യമുറപ്പാണ്. യുനൈറ്റഡിൽനിന്നും ലോണിലെത്തിച്ച റാഷ്ഫഡിനെ സ്ഥിരപ്പെടുത്തുന്ന കാര്യവും പ്ലാനിലുണ്ട്.
സീസൺ പാതിവഴിയിൽ നിൽക്കെ ഡാനിഷ് ഡിഫൻഡർ ക്രിസ്റ്റ്യൻസനേറ്റ പരിക്ക് ബാഴ്‌സക്ക് കനത്ത വെല്ലുവിളിയാണുയർത്തുന്നത്. എസിഎൽ ഇഞ്ചുറിയെ തുടർന്ന് മൂന്ന് മുതൽ നാല് മാസത്തോളം 29 കാരൻകളത്തിന് പുറത്താകുമെന്നതിനാൽ പകരക്കാരനെ കണ്ടെത്തേണ്ടതും ഹാൻസി ഫ്‌ളികിനും പ്രധാനമാണ്. നിലവിൽ പൗ കുബാർസിയും എറിക് ഗാർഷ്യയും മാത്രമാണ് ഫ്‌ളികിന്റെ കൈവശമുള്ള പ്രോപ്പർ സെൻട്രൽ ബാക്കുകൾ. റൊണാൾഡ് അറോഹോ വിശ്രമം കഴിഞ്ഞ് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. അവസാന ലാലിഗ മത്സരത്തിൽ പൗ കുബാർസിക്കൊപ്പം ജെറാഡ് മാർട്ടിനായിരുന്നു ഡിഫൻസീവ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ ലെഫ്റ്റ് ബാക്കായ ജെറാഡ് മാർട്ടിനെ സ്ഥിരമായി പ്രതിരോധത്തിൽ കളിപ്പിച്ച് റിസ്‌കെടുക്കാൻ ഫ്‌ളിക് തയാറായേക്കില്ല. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിലടക്കം പ്രധാന മത്സരങ്ങൾ വരാനുണ്ട്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും മുന്നോട്ടുപോകാൻ ഡിഫൻസ് പരമപ്രധാനമാണെന്നതും ഹാൻസി ഫ്‌ളിക് കരുതുന്നു.ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജർമൻ സെൻട്രൽ ബാക് നിക്കോ സ്ലോട്ടർബെക്, ബ്രസീലിയൻ ക്ലബ് പാൽമെറസിന്റെ യങ് ഡിഫൻഡർ ലൂയിസ് ബെനഡെറ്റി എന്നീ പേരുകളാണ് ബാഴ്‌സ സർക്കിളുകളിൽ നിന്ന് ഏറ്റവുമടൊുവിൽ ഉയർന്നുകേൾക്കുന്നത്. ലോണിൽ എൽച്ചെയിലേക്ക് പറഞ്ഞയച്ച ഹെക്ടർ ഫോർട്ടിനെ തിരികെയെത്തിക്കാനും ബാഴ്‌സക്ക് പദ്ധതിയുണ്ടെന്നാണ് വിവരം. ഇതൊന്നും നടന്നില്ലെങ്കിൽ ലാമാസിയ അക്കാദമിയിൽ തന്നെ പരതേണ്ടി വരും.
.