മെസ്സിvsറൊണാൾഡോ;2025 ൽ മുന്നിലാര്?
മെസ്സിയുടെയും റൊണാൾഡോയുടെയും ഈ വർഷത്തെ നേട്ടങ്ങൾ ഇങ്ങനെ
ലോക ഫുട്ബോളിലെ ഇതിഹാസങ്ങളാണല്ലോ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും തമ്മിലെ കളിക്കളത്തിലെ പോരാട്ടങ്ങൾ ഫുട്ബോൾ ആരാധകരെ ഏറെ ആവേശം കൊള്ളിച്ചിട്ടുണ്ട്. യൂറോപ്പും കടന്ന് മെസ്സി ഇന്റർ മയാമിയിലേക്കും റൊണാൾഡോ അൽ നസ്സറിലുമെത്തിയിട്ടും ആരാധകർ തമ്മിലെ പോരാട്ടങ്ങൾക്ക് മാത്രം കുറവൊന്നും വന്നിട്ടില്ല.
മെസ്സി ക്ലബിനും രാജ്യത്തിനുമായി ഈ വർഷം 54 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ആകെ 46 ഗോളുകളും 28 അസിസ്റ്റുകളുമാണ് നേട്ടം. താരം കളിച്ച മത്സരങ്ങളെക്കാളേറെ ഗോൾ പങ്കാളിത്തങ്ങൽ നേടിയത് ശ്രദ്ധേയമാണ്. റൊണാൾഡോയാവട്ടെ ഈ വർഷം കളിച്ച 44 മത്സരങ്ങളിൽ നിന്ന് 38 ഗോളുകളും നാല് അസിസ്റ്റുകളും നെയ്തെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ മെസ്സി ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഈ വർഷം കളിച്ചിട്ടുള്ളത്. ആ മത്സരങ്ങളിൽ നിന്ന് തന്നെ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാനായി. ഈ വർഷം ഒൻപത് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച റൊണാൾഡോ എട്ട് ഗോളുകളാണ് അടിച്ച് കൂട്ടിയത്.
ക്ലബ് തലത്തിൽ 49 മത്സരങ്ങൾ കളിച്ച മെസ്സി ഇവിടെയും കളിച്ച മത്സരങ്ങളെക്കാൾ കൂടുതൽ ഗോളുകളും അസിസ്റ്റുകളും നെയ്തെടുത്തതായി കാണാൻ സാധിക്കും. 43 ഗോളുകളും 25 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. 35 മത്സരങ്ങൾ കളിച്ച റൊണാൾഡോ 30 ഗോളുകളും നാല് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
ഈ വർഷം എംഎൽഎസിലെ ഗോൾഡൻ ബൂട്ടും ഏറ്റവും മികച്ച താരത്തിനുള്ള മോസ്റ്റ് വാല്യുബിൾ പ്ലേയർ അവാർഡും സ്വന്തമാക്കിയത് മെസ്സിയാണ് . ഡിസംബർ ഏഴിന് ഇന്റർ മയാമിക്കൊപ്പം എംഎൽഎസ് കപ്പും മെസ്സി സ്വന്തമാക്കി. പ്രസിഡൻഷ്യൽ ഫ്രീഡം ഓഫ് സ്റ്റേറ്റും മെസിക്ക് തന്നെ സ്വന്തം. ഈ സീസണിൽ സൗദി പ്രോ ലീഗിൽ ഏറ്റവും ടോപ്സ്കോററായത് റൊണാൾഡോയാണ്. പോർച്ചുഗീസ് ഫുട്ബോൾ ലീഗിലെ എക്കാലത്തെയും മികച്ച താരത്തിനുള്ള പ്രീമിയെറ ലിഗ ബെസ്റ്റ് പ്ലേയർ അവാർഡും സ്വന്തമാക്കി. ജൂണിൽ പോർച്ചുഗലിനൊപ്പം നേഷൻസ് ലീഗ് കിരീടവും നേടി. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടും റൊണാൾഡോക്ക് തന്നെ.
ഇന്റർ മയാമിയിലും അൽ നസ്സറിലും കളിച്ചിട്ടും ഇരുവരും തങ്ങളുടെ ടീമുകളിലും രാജ്യങ്ങളിലും നിർണായക സ്വാധീനം തുടരുന്നു. ഗോൾ, അസിസ്റ്റ്, കിരീടങ്ങൾ, വ്യക്തിഗത പുരസ്‌കാരങ്ങൾ, അങ്ങനെ എല്ലാ തലങ്ങളിലും ഇരുവരും തങ്ങളുടെ മികവ് തുടർന്ന് കൊണ്ടിരിക്കുന്നു. ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ സമാനമില്ലാത്ത അധ്യായങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഈ രണ്ട് ഇതിഹാസങ്ങളും ആരാധകർക്ക് ഇന്നും അതേ ആവേശം തന്നെയാണ് സമ്മാനിക്കുന്നത്.