യുനൈറ്റഡിനെ മുട്ട്കുത്തിച്ച് ആസ്റ്റൺ വില്ല; മോർഗൻ റോജേഴ്‌സിന് ഇരട്ട ഗോൾ
ബിർമിങ്ങാം: പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ രണ്ടിനെതിരെ ഒരു ഗോളിന് മാഞ്ചസ്റ്റർ യുനൈറ്റഡിന് തോൽവി. ഇരട്ട ഗോൾ നേടിയ മോർഗൻ റോജേഴ്‌സാണ് ആസ്റ്റൺ വില്ലയുടെ വിജയശില്പി. ആദ്യ പകുതിയുടെ അധിക സമയത്ത് മാത്തേവൂസ് കുന്യയിലൂടെ യുനൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ റോജേഴ്‌സ് വില്ലക്ക് ലീഡ് നൽകി. നിരവധി അവസരങ്ങൾ യുനൈറ്റഡ് സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല.
ആദ്യ പകുതിയുടെ 45ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ഉജ്വല ഗോളിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. ഇടത് വിങ്ങിൽ നിന്ന് ബോക്സിന്റെ ഉള്ളിലേക്ക് ഡ്രിബിൾ ചെയ്തത് വന്ന റോജേഴ്‌സ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് എത്തിച്ചു. പക്ഷെ നിമിഷങ്ങൾക്കകം യുനൈറ്റഡ് സമനില ഗോൾ കണ്ടെത്തി. വില്ലയുടെ വലത് ഫുൾ ബാക്ക് മാറ്റി ക്യഷിന്റെ പിഴവ് മുതലെടുത്ത മാത്തേവൂസ് കുന്യ മാർട്ടിനെസിനെ മറികടന്നു പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി 12 മിനിട്ടിനുള്ളിൽ മോർഗൻ റോജേഴ്‌സ് വീണ്ടും വിളക്ക് ലീഡ് നൽകി. താരത്തിന്റെ വലങ്കാൽ ഷോട്ട് യുനൈറ്റഡ് കീപ്പർ ലമെൻസിന് തടയാനായില്ല. ഷോട്ടിലും പൊസഷനിലും ആധിപത്യം പുലർത്തിയത് യുനൈറ്റഡാണെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല.
ജയത്തോടെ ആസ്റ്റൺ വില്ല പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. 26 പോയിന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.