'പോകരുത്, ടീമില്‍ തുടരണം'; വിരമിക്ക‍ല്‍ വാര്‍ത്തകള്‍ക്കിടെ നെയ്മറിനോട് ബ്രസീൽ യുവതാരങ്ങൾ

ദേശീയ ടീമിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുനൽകുന്നില്ലെന്ന് നെയ്മർ വ്യക്തമാക്കിയിരുന്നു

Update: 2022-12-19 16:49 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസീലിയ: ക്വാർട്ടറിൽ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിനു പിന്നാലെ സൂപ്പർതാരം നെയ്മർ ദേശീയ കുപ്പായം അഴിച്ചുവയ്ക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇനിയും ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് തനിക്ക് ഉറപ്പുനൽകാനാകില്ലെന്നാണ് ദിവസങ്ങൾക്കുമുൻപ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, ദേശീയ ടീമിൽനിന്ന് വിരമിക്കരുതെന്ന് നെയ്മറിനോട് യുവതാരങ്ങളെല്ലാം ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.

ബ്രസീലിന്റെ ലോകകപ്പ് സംഘത്തിൽ തിളങ്ങിയ യുവതാരങ്ങളാണ് വിരമിക്കൽ നീക്കം ഉപേക്ഷിക്കാൻ ആവശ്യവുമായി നെയ്മറിനെ സമീപിച്ചിരിക്കുന്നതെന്ന് 'ഗോൾ ഡോട്ട് കോം' റിപ്പോർട്ട് ചെയ്തു. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റിച്ചാർലിസൻ, ലൂക്കാസ് പക്വേറ്റ, റാഫിഞ്ഞ, ആന്റണി എന്നിവരെല്ലാം കൂട്ടത്തിലുണ്ട്. ടീമിനെ വഴിയിൽ ഉപേക്ഷിക്കരുതെന്നാണ് താരങ്ങൾ നെയ്മറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ ടീമിലേക്കുള്ള വാതിലടക്കുന്നില്ല. എന്നാൽ, തിരിച്ചുവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നുമില്ലെന്നായിരുന്നു നെയ്മർ ക്വാർട്ടർ തോൽവിക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭാവിപദ്ധതികളെക്കുറിച്ച് കൂടുതൽ ആലോചിക്കേണ്ടതുണ്ട്. തനിക്കും ദേശീയ ടീമിനും എന്താണ് നല്ലതെന്ന് ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും താരം സൂചിപ്പിച്ചു.

'ഇതൊരു ഭീകരമായാനുഭവമാണ്. കഴിഞ്ഞ ലോകകപ്പിൽ സംഭവിച്ചതിനെക്കാൾ മോശം അവസ്ഥയാണിപ്പോൾ. ഈ അവസ്ഥയെ വിശദീകരിക്കാൻ വാക്കുകളില്ല. ഞങ്ങൾ പോരാടിയിരുന്നു. സഹതാരങ്ങളെ ഓർത്ത് അഭിമാനിക്കുപന്നു.''-നെയ്മർ കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് ചാംപ്യന്മാരായായിരുന്നു ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിലെത്തിയത്. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. എന്നാൽ, ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കു മുന്നിൽ കാലിടറി. നിശ്ചിതസമയത്തും അധികസമയത്തും ഒരു ഗോളിനു സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ പരാജയം. ക്രൊയേഷ്യ നാല് ഗോൾ വലയിലാക്കിയപ്പോൾ ബ്രസീൽ താരങ്ങൾക്ക് രണ്ടു ഗോൾ മാത്രമാണ് ലക്ഷ്യത്തിലെത്തിക്കാനായത്.

Summary: Brazil teammates ask Neymar to continue playing for national team after disappointing World Cup

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News