മെസീ,മെസീ വിളിയിൽ നിയന്ത്രണം വിട്ട് ക്രിസ്റ്റ്യാനോ; കാണികൾക്ക് നേരെ അശ്ലീല ആംഗ്യം

നേരത്തെ അൽ-ഹിലാൽ മത്സരത്തിനിടെയും മെസി ആരവത്തിൽ രൂക്ഷ പ്രതികരണവുമായി സിആർ രംഗത്തെത്തിയിരുന്നു.

Update: 2024-02-26 16:50 GMT
Editor : Sharafudheen TK | By : Web Desk
Advertising

റിയാദ്: സൗദി പ്രോ ലീഗിൽ അൽ-ഷബാബിനെതിരെ അൽ നസർ 3-2 വിജയത്തിന് പിന്നാലെ വിവാദത്തിൽപ്പെട്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിയവസാനിച്ച ശേഷം അൽ-ഷബാബ് ആരാധകരുടെ മെസീ, മെസീ വിളിയിൽ പ്രകോപിതനായാണ് താരം നില വിട്ടത്. കാണികൾക്ക് നേരെ തിരിഞ്ഞ റോണോ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി.

നേരത്തെ അൽ-ഹിലാൽ മത്സരത്തിനിടെയും മെസി ആരവത്തിൽ രൂക്ഷ പ്രതികരണവുമായി സിആർ രംഗത്തെത്തിയിരുന്നു. മെസിയല്ല, ഞാനാണ് ഇവിടെ കളിക്കുന്നതെന്ന് ആരാധകരോട്  പ്രതികരിച്ച 39 കാരൻ, മത്സരശേഷം ടണലിലേക്ക് നടക്കുമ്പോൾ സ്റ്റാൻഡിൽ നിന്ന് തനിക്ക് നേരെ എറിഞ്ഞ അൽ ഹിലാൽ സ്‌കാർഫ് എടുത്ത് ഷോർട്ട്‌സിനുള്ളിൽ വെച്ച് തിരിച്ചെറിയുകയും ചെയ്തു.

റോണോയുടെ നടപടിയിൽ സൗദി ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക കമ്മിറ്റി കർശന നിർദേശം വന്നാൽ അൽ-നസർ ക്യാപ്റ്റന് വരും മത്സരങ്ങളിൽ ഇറങ്ങാനായേക്കില്ല. 2022ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന്ക്രിസ്റ്റ്യാനോ റെക്കോർഡ് തുകക്ക് സൗദി പ്രോ ലീഗിലേക്ക് ചുവടുമാറുന്നത്. കഴിഞ്ഞ വർഷം കൂടുതൽ ഗോൾ നേടിയ താരമായും റോണോ മാറിയിരുന്നു. കിലിയൻ എംബാപെ, എർലിങ് ഹാളണ്ട്, ഹാരി കെയിൻ എന്നിവരെ മറികടന്നാണ് 2023ൽ ഗോൾ സ്‌കോറർ പട്ടികയിൽ ഒന്നാമനായത്.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News