യുവന്റസ് മതിയായി, ഭാവി ചർച്ചകൾക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് ടൂറിനിൽ

കാസല്ലെ വിമാനത്താവളത്തിലിറങ്ങിയ മെൻഡിസ് നേരെ പോയത് റൊണാൾഡോയുടെ വീട്ടിലേക്കാണ്

Update: 2021-08-26 06:27 GMT
Editor : abs | By : Web Desk
Advertising

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ശക്തിയേറുന്നു. ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ റൊണാൾഡോ യുവന്റസ് വിടുമെന്നാണ് സൂചന. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തിൽ കണ്ണുവച്ചിട്ടുള്ളത്.

ചർച്ചകൾക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെൻഡെസ് സ്വകാര്യവിമാനത്തിൽ ടൂറിനിലെത്തി. കാസല്ലെ വിമാനത്താവളത്തിലിറങ്ങിയ മെൻഡെസ് നേരെ പോയത് റൊണാൾഡോയുടെ വീട്ടിലേക്കാണ്. യുവന്റസുമായി ഒരു വർഷം കൂടി താരത്തിന് കരാർ ബാക്കിയുണ്ട്.

രണ്ടു വർഷത്തെ കരാറിൽ ആഴ്ചയിൽ 230,000 യൂറോ പ്രതിഫലമാണ് സിറ്റി ക്രിസ്റ്റ്യാനോയ്ക്ക് മുമ്പിൽ വച്ചിട്ടുള്ളത്. ട്രാൻസ്ഫർ ഫീ എത്രയെന്നതിൽ വ്യക്തതയില്ല. ഫീയായി 35 മില്യൺ യൂറോ യുവന്റസ് ചോദിച്ചതായി റിപ്പോർട്ടുണ്ട്.

ലയണൽ മെസ്സിയെ സ്വന്തമാക്കിയ പി.എസ്.ജിക്ക് ക്രിസ്റ്റ്യാനോയില്‍ താത്പര്യമില്ലെന്നാണ് സൂചന. ട്രാൻസ്ഫർ ജേണലിസ്റ്റായ ഫബ്രിസിയോ റൊമാനോ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തു. നേരത്തെ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ ബൂട്ടുകെട്ടിയിട്ടുണ്ട്. മുൻ ക്ലബായ റയൽ മാഡ്രിഡിലേക്കില്ലെന്ന് താരം ഈയിടെ വ്യക്തമാക്കിയിരുന്നു. 

2018ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയ താരം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സീരി എ ലീഗ് കിരീടങ്ങളും ഒരു ഇറ്റാലിയൻ കപ്പും നേടിയിട്ടുണ്ട്. എന്നാൽ യൂറോപ്പിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗ് ഇതുവരെ നേടാൻ താരത്തിനായിട്ടില്ല.

'ക്രിസ്റ്റിയാനോയുടെ സൈനിങ് അബദ്ധം'

ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ ക്രിസ്റ്റ്യാനോയ്‌ക്കെതിരെ യുവന്റസ് മുൻ പ്രസിഡണ്ട് ജിയോവാനി കൊബോലി ഗിഗ്ലി രംഗത്തെത്തി. താരവുമായുള്ള കരാർ ക്ലബിന്റെ അബദ്ധമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

'ആത്മാർത്ഥമായി പറയട്ടെ. റൊണാൾഡോയുടെ സൈനിങ് അബദ്ധമായിരുന്നു. നിക്ഷേപം തിരിച്ചുപിടിക്കുക അസാധ്യമാണ്. അതങ്ങനെ തന്നെ തുടരും. അദ്ദേഹം മഹാനായ കളിക്കാരനാണ്. എന്നാൽ സത്യസന്ധമായി പറയട്ടെ, ഏറ്റവും വേഗത്തിൽ ടീം വിടുന്നത് അദ്ദേഹത്തിനും ക്ലബിനും നല്ലതാണ്. യുവന്റസിന്റെ ആക്രമണത്തിന് ക്രിസ്റ്റ്യാനോ തടസ്സമുണ്ടാക്കുന്നു. അദ്ദേഹമില്ലാതെ തന്നെ കൂട്ടായി ടീമിന് മികച്ച കാര്യങ്ങൾ ചെയ്യാനാകും.'- മുൻ പ്രസിഡണ്ട് പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News