എഫ്എ കപ്പ് ജേതാക്കളെ പുറത്താക്കി ആറാം ഡിവിഷൻ ക്ലബ്ബ്! ഒപ്പം വിചിത്രമായൊരു റെക്കോർഡും
മേസിൽസ്ഫീൽഡ്: ഇംഗ്ലീഷ് എഫ്എ കപ്പിലെ നിലവിലെ ജേതാക്കളായ പ്രീമിയർ ലീഗ് ക്ലബ്ബ് ക്രിസ്റ്റൽ പാലസിനെ തോല്പിച്ച് ഇംഗ്ലണ്ടിലെ ആറാം ഡിവിഷൻ ക്ലബായ മേസിൽസ്ഫീൽഡ് എഫ്‌സി. രണ്ടിനെതിരെ ഒരു ഗോളിനാണ് മേസിൽസ്ഫീൽഡിന്റെ ജയം. 1909ന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പ്രതിഭാസത്തിന് ഇംഗ്ലീഷ് ഫുട്ബാൾ വേദിയാകുന്നത്. ക്രിസ്റ്റൽ പാലസിനേക്കാളും 117 സ്ഥാനങ്ങൾ താഴെയാണ് നിലവിൽ മേസിൽസ്‌ഫീൽഡ്.
മേസിൽസ്ഫീൽഡിന്റെ സ്റ്റേഡിയമായ മോസ് റോസിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ 43ാം മിനിറ്റിൽ പോൾ ഡോസനിലൂടെ ആതിഥേയർ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഐസക്ക് റിക്കറ്റസ് മേസിൽസ്ഫീൽഡിന്റെ ലീഡുയർത്തി. മത്സരത്തിന്റെ 90ാം മിനിറ്റിൽ യെറേമി പിനോയാണ് പാലസിനായി ഒരു ഗോൾ മടക്കിയത്.
വിചിത്രമായൊരു റെക്കോർഡ് കൂടി ഉണ്ട് ഇതിനൊപ്പം. 1909ൽ ഒരു നോൺ ലീഗ് ടീം അതായത് ഇംഗ്ലണ്ടിലെ ആദ്യ നാല് ഡിവിഷനുകൾക്ക് താഴെയുള്ള ടീം എഫ്എ കപ്പിൽ നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയപ്പോൾ അന്ന് ആ നോൺ ലീഗ് ടീം ക്രിസ്റ്റൽ പാലസായിരുന്നു എഫ്എ കപ്പ് ചാമ്പ്യന്മാർ വോൾവ്സും. നിലവിൽ ക്രിസ്റ്റൽ പാലസ് പ്രീമിയർ ലീഗിൽ 13ാം സ്ഥാനത്താണ്. മേസിൽസ്‌ഫീൽഡ് ആണെങ്കിൽ അവരുടെ ലീഗിൽ 14ാം സ്ഥാനത്താണ്.
എഫ്എ കപ്പിൽ ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ വോൾവ്സ് ശ്രുസ്ബറി ടൗണിനെയും, സണ്ടർലൻഡ് എവർട്ടണിനെയും, ലെസ്റ്റർ സിറ്റി ചെൽട്ടൻഹാമിനെയും തോൽപിച്ചു. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റം കുറിച്ച ഘാന താരം അന്റോയിൻ സെമെന്യോ ഒരു ഗോളും ഒരു അസിസ്റ്റും നേടി. എക്സ്റ്റർ സിറ്റിക്കെതിരെയാണ് സിറ്റിയുടെ മത്സരം.