പെനാൽറ്റിയെടുക്കാൻ റൊണാൾഡോയെ വെല്ലുവിളിച്ചു; ബ്രൂണോയെ തളര്‍ത്തിയ മാര്‍ട്ടിനസിന്‍റെ തന്ത്രം

മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് മാഞ്ചസ്റ്ററിന് ലഭിച്ച പെനാൽറ്റിയെടുക്കാനായിരുന്നു റൊണാൾഡോയെ പല തവണ മാർട്ടിനസ് ക്ഷണിച്ചത്

Update: 2021-09-26 08:25 GMT
Editor : ubaid | By : Web Desk

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറാണോ ആസ്റ്റണ്‍ വില്ലയുടെ എമിലിയാനോ മാര്‍ട്ടിനെസ്. ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകുമെങ്കിലും ഏറ്റവും നല്ല മൈന്‍ഡ് ഗെയിം കളിക്കുന്ന ഗോള്‍ കീപ്പറാണ് മാര്‍ട്ടിനെസ് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരം ഇതിന് ഏറ്റവും നല്ല തെളിവാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വാദിക്കുന്നു. 

Advertising
Advertising

പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയെടുക്കാൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെല്ലുവിളിക്കുകയായിരുന്നു എമിലിയാനോ മാർട്ടിനസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് അവർക്ക് ലഭിച്ച പെനാൽറ്റിയെടുക്കാനായിരുന്നു റൊണാൾഡോയെ പല തവണ മാർട്ടിനസ് ക്ഷണിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം ബ്രൂണോ ഫെർണാണ്ടസിന് ആ കിക്കെടുക്കാനുള്ള ചുമതല നല്‍കിയപ്പോഴായിരുന്നു മാര്‍ട്ടിനെസിന്റെ വെല്ലുവിളി. ബ്രൂണോ ഫെർണാണ്ടസിനെ മാനസികമായി തളര്‍ത്തുകയായിരുന്നു എമിലിയാനോയുടെ തന്ത്രം. 

മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചതിന് പിന്നാലെ കിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങൾ ചർച്ച നടത്തുന്നതിനിടെ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അങ്ങോട്ടേക്ക് ചെല്ലുകയും റൊണാൾഡോയോട് കിക്കെടുക്കാൻ വരാൻ പറയുകയുമായിരുന്നു. റോണോയുടെ നേരെ നോക്കി മാർട്ടിനസ് സംസാരിക്കുന്നതിനിടെ യുണൈറ്റഡ് താരങ്ങളായ ഡിയൊഗോ ഡാലറ്റ്, ഫ്രെഡ് എന്നിവർ മാർട്ടിനസിനെ അവിടെ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. കവാനി ചെന്ന് താരത്തെ പോസ്റ്റിലേക്ക് മടക്കി അയക്കുകയായിരുന്നു. പെനാൽറ്റിക്കാര്യത്തിൽ മികച്ച റെക്കോർഡുള്ള ബ്രൂണോക്ക്‌‌ ഇക്കുറി പിഴച്ചു. ‌താരത്തിന്റെ ഷോട്ട് പുറത്തേക്ക് പാഞ്ഞു. ഇതോടെ മത്സരത്തിൽ സമനില നേടാനുള്ള സുവർണാവസരമാണ് യുണൈറ്റഡ് പാഴാക്കിയത്. 

ബ്രൂണോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ കോർട്നി ഹൗസ് നേടിയ ഏകഗോളിലാണ് ആസ്റ്റൺവില്ല, യുണൈറ്റഡിനെ വീഴ്ത്തിയത്. മത്സരത്തിന്റെ എൺപത്തിയെട്ടാം മിനുറ്റിലായിരുന്നു‌ വില്ലയുടെ വിജയ ഗോൾ പിറന്നത്. വിജയമോ സമനിലയോ നേടിയിരുന്നെങ്കിൽ ലീഗിലെ‌ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിയുമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ 6 മത്സരങ്ങളിൽ 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

കോപ്പ അമേരിക്കയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലില്‍ കൊളംബിയയുടെ മൂന്ന് കിക്കുകള്‍ എമിലിയാനോ മാര്‍ട്ടിനെസ് തടുത്തിട്ടിരുന്നു. 

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News