ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍, മൂന്നു ഗോള്‍ തിരിച്ചടിച്ച് വിജയം; ഫ്രാന്‍സ് ഫൈനലില്‍

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍

Update: 2021-10-08 09:08 GMT
Editor : Dibin Gopan | By : Web Desk

ആദ്യ പകുതിയില്‍ രണ്ടു ഗോളിനു പിന്നില്‍ നിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചു ബെല്‍ജിയത്തെ വീഴ്ത്തി ഫ്രാന്‍സ് യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍. ഫ്രാന്‍സിനായി കരിം ബെന്‍സേമ (62), കിലിയന്‍ എംബപ്പെ (69-പെനല്‍റ്റി), തിയോ ഹെര്‍ണാണ്ടസ് (90) എന്നിവരാണ് ഗോളുകള്‍ നേടിയത്. ബെല്‍ജിയത്തിന്റെ ഗോളുകള്‍ ആദ്യപകുതിയില്‍ യാനിക് കാരസ്‌കോ (37), റൊമേലു ലുക്കാകു (40) എന്നിവര്‍ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. അന്നു തന്നെ നടക്കുന്ന മൂന്നാം സ്ഥാന മത്സരത്തില്‍ ബെല്‍ജിയവും ഇറ്റലിയും ഏറ്റുമുട്ടും.

Advertising
Advertising

തീര്‍ത്തും അവിശ്വസനീയമെന്നു പറയാവുന്ന തിരിച്ചുവരവിലൂടെയാണ് ബെല്‍ജിയത്തെ ഫ്രാന്‍സ് വീഴ്ത്തിയത്. ആദ്യ പകുതിയില്‍ വെറും നാലു മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു ഗോള്‍ നേടിയ ബെല്‍ജിയം ഇടവേളയ്ക്കു കയറുമ്പോള്‍ മുന്നിലായിരുന്നു. രണ്ടു ഗോളിന്റെ ലീഡ് വഴങ്ങിയിട്ടും തളരാതെ പൊരുതിയ ഫ്രാന്‍സ് 62-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സേമയിലൂടെ തിരിച്ചുവരവിന്റെ ആദ്യ സൂചന നല്‍കി. കിലിയന്‍ എംബപ്പെയുടെ പാസിന് നിരങ്ങിയെത്തിയാണ് ബെന്‍സേമ ഗോളിലേക്കു വഴികാട്ടിയത്. അധികം വൈകാതെ ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനെ ബെല്‍ജിയത്തിന്റെ യൂറി ടെലെമാന്‍സ് സ്വന്തം ബോക്‌സില്‍ വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത എംബപ്പെ യാതൊരു പിഴവും കൂടാതെ ലക്ഷ്യം കണ്ടു.

വിജയ ഗോളിനായി ഇരു ടീമുകളും ആഞ്ഞുപൊരുതുന്നതിനിടെ ബെല്‍ജിയത്തിനായി റൊമേലു ലുക്കാകു ലക്ഷ്യം കണ്ടതാണ്. മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റു ശേഷിക്കെ ലുക്കാകു പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് വ്യക്തമായി.ഫ്രാന്‍സിനായി തിയോ ഹെര്‍ണാണ്ടസിന്റെ വിജയഗോളെത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News