ഇസ്രായേൽ ഫുട്ബോൾ സംഘടനയെ സസ്പെൻഡ് ചെയ്യണം; ഫിഫയോട് ആവശ്യമുന്നയിച്ച് ഇറാൻ

ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം

Update: 2024-02-10 12:52 GMT
Editor : rishad | By : Web Desk
Advertising

തെഹ്റാന്‍: ഫലസ്തീനില്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയോടാണ് ഇറാന്റെ അഭ്യര്‍ഥന.

ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്രായേലിനെ വിലക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റിലാണ് സസ്‌പെന്‍ഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഫലസ്തീനില്‍ ഇസ്രായേല്‍ തുടരുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയ്ക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും നല്‍കാനും ഫിഫ നടപടികള്‍ സ്വീകരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. 

അതേസമയം റഫയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനും ആക്രമണം കടുപ്പിക്കാനുമുള്ള പദ്ധതി വികസിപ്പിക്കാൻ ഇസ്രായേൽ സൈന്യത്തിനോട് നെതന്യാഹു ഉത്തരവിട്ടു. ബന്ദിമോചനത്തിന് ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ തള്ളി. എന്നാല്‍ ഡമാസ്കസിലേക്ക് ഇസ്രായേൽ വിക്ഷേപിച്ച മിസൈലുകൾ വെടിവെച്ചിട്ടതായി സിറിയൻ സൈന്യം അറിയിച്ചു. 

റഫയിൽ തിങ്ങിപ്പാർക്കുന്ന 20 ലക്ഷത്തിലധികം ഫലസ്തീനികളെ ഒഴിപ്പിച്ച് ഹമാസ് കേന്ദ്രങ്ങൾക്കുനേരെ കര-വ്യോമ ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സൈന്യത്തിന് നിർദേശം നൽകിയത്. പലായനം ചെയ്യാൻ ഒരിടം പോലും ഫലസ്തീൻ ജനതയ്ക്കില്ലെന്നിരിക്കെ റഫയിലെ ആക്രമണത്തിൽ നിന്ന് ഇസ്രായേൽ പിന്തിരിയണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു. 

Summary-Iran Asks FIFA to 'Completely Suspend' Israel Over Gaza War

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News