ബിഗ് ഡീല്‍! രണ്ടരക്കോടിയുടെ ഓഫര്‍... സഹല്‍ മോഹന്‍ ബഗാനിലേക്കോ?!

ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക.

Update: 2023-07-10 02:44 GMT

സഹൽ അബ്ദുൽ സമദ് 

Advertising

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മിന്നും താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടേക്കും എന്ന് റിപ്പോര്‍ട്ട്. മോഹന്‍ ബഗാനാണ് റെക്കോര്‍ഡ് തുകയ്ക്ക് മലയാളി താരത്തെ റാഞ്ചാനൊരുങ്ങുന്നത്. ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക. ഏകദേശം 2.5 കോടി രൂപ ട്രാൻസ്ഫർ ഫീസായി മുടക്കാൻ ബഗാൻ തയാറാകുമെന്നാണ് പുറത്തുവരുന്ന വിവരം. സഹലിന് പകരമായി ഒരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സിനു ലഭിക്കുമെന്ന് ഐ.എഫ്.ടി.ഡബ്ല്യു.സി റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരാണ് മോഹൻ ബഗാൻ. മോഹൻ ബഗാനുൾപ്പെടെ നാലു പ്രധാന ക്ലബുകൾ സഹലിനായി രംഗത്തുണ്ടായിരുന്നു.എന്നാല്‍ മോഹന്‍ ബഗാന്‍റെ 'ബിഗ് ഡീലി'ന് സഹല്‍ യെസ് മൂളിയെന്നാണ് ഐ.എഫ്.ടി.ഡബ്ല്യു.സി റിപ്പോർട്ട് ചെയ്യുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ഫെഡറേഷനില്‍ നിന്ന് പിഴ നടപടി നേരിട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ഈ അവസരത്തില്‍ സഹലിനെ സ്വന്തമാക്കാന്‍ മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് രംഗത്തുവന്നത്‌. അതേസമയം 2025 വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. 2017ല്‍ ഐ.എസ്.എല്‍ അരങ്ങേറ്റം കുറിച്ച സഹൽ അന്ന് മുതല്‍ തുടര്‍ച്ചയായ ആറ് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനായാണ് ബൂട്ടുകെട്ടിയത്. മറുവശത്ത് ബഗാൻ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നേരത്തേ മോഹന്‍ ബഗാന്‍റെ റൈറ്റ് ബാക്കായ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു

Tags:    

Similar News