പറക്കും ഗ്വാര്‍ഡിയോള്‍...

ലോകകപ്പില്‍ ഗ്വാര്‍ഡിയോളിന്‍റെ ആദ്യ ഗോള്‍

Update: 2022-12-17 16:08 GMT
Advertising

ദോഹ: ലോകകപ്പ് ലൂസേഴ്സ് ഫൈനലിന് ആവേശത്തുടക്കം കുറിച്ച് ജോസ്കോ ഗ്വാര്‍ഡിയോളിന്‍റെ മിന്നും ഗോള്‍ പിറക്കുമ്പോള്‍ അതൊരു പ്രായശ്ചിത്തം കൂടിയായിരുന്നു. അര്‍ജന്‍റീനക്കെതിരെ ജൂലിയന്‍ അല്‍വാരസ് നേടിയ ഗോളിന് ലയണല്‍ മെസ്സി നടത്തിയ അവിശ്വസനീയ കുതിപ്പ് ഗ്വാര്‍ഡിയോളിനെ നിഷ്പ്രഭനാക്കിയായിരുന്നു. അതിന്‍റെ പേരില്‍ ഗ്വാര്‍ഡിയോള്‍ ആരാധകരില്‍ നിന്ന് ഏറെ പഴിയും കേട്ടു. അതിനുള്ള പ്രായശ്ചിത്തമായിരുന്നു ഗ്വാര്‍ഡിയോളിന്‍റെ ഇന്നത്തെ മിന്നും ഗോള്‍. 

ഏഴാം മിനിറ്റിൽ ബോക്സിലേക്ക് വന്ന ഫ്രീ കിക്ക് ഇവാൻ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാർഡിയോളിന് മറിച്ച് നൽകുകയായിരുന്നു. മുന്നോട്ടുചാടി തകർപ്പനൊരു ഹെഡറിലൂടെ ഗ്വാർഡിയോൾ ആ പന്ത് വലയിലെത്തിച്ചു. മൊറോക്കോ കീപ്പർ യാസിൻ ബോനു ചാടിനോക്കിയെങ്കിലും തട്ടിയകറ്റാൻ സാധിച്ചില്ല.  ലോകകപ്പില്‍ ഗ്വാര്‍ഡിയോളിന്‍റെ ആദ്യ ഗോളാണിത്. 

ബുണ്ടസ് ലീഗയിൽ ആർബി ലീപ്‌സിഗിന്‍റെ താരമാണ് ഗ്വാര്‍ഡിയോള്‍. മെസ്സിയുമായി മുഖാമുഖം വരുന്നതിന് മുമ്പ് ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സെന്റർ ബാക്ക്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ വമ്പൻ ക്ലബുകൾ അദ്ദേഹത്തിനായി രംഗത്തുണ്ട്. നൂറു മില്യൺ യൂറോ വരെ ചെലവഴിക്കാൻ സിറ്റി സന്നദ്ധമാണ് എന്നാണ് റിപ്പോർട്ട്. എന്നാല്‍ അര്‍ജന്‍റീനക്കെതിരായ പോരാട്ടത്തില്‍ മെസ്സിയുടെ മുന്നേറ്റത്തില്‍ അല്‍വാരസ് നേടിയ ഗോളോടെ ഗ്വാർഡിയോളിന്റെ മൂല്യം ഒറ്റയടിക്ക് മുപ്പത് മില്യൺ ഇടിഞ്ഞു എന്നടക്കം സമൂഹ മാധ്യമങ്ങളില്‍‌ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. 

എന്നാല്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗ്വാർഡിയോൾ ഇന്ന്  പറഞ്ഞു. 'ഞങ്ങൾ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ (മെസ്സി) കളിക്കാനായതിൽ സന്തോഷമുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും. അടുത്ത തവണ അദ്ദേഹത്തെ കീഴ്‌പ്പെടുത്താമെന്നാണ് കരുതുന്നത്. ഞാൻ മെസ്സിക്കെതിരെ നേരത്തെയും കളിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ടീമിൽ അദ്ദേഹം സമ്പൂർണമായി വ്യത്യസ്തനായ കളിക്കാരനാണ്.' - വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News