ചില്ലറക്കാരനല്ല, ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ച സ്പാനിഷ് ഫോർവേഡ് കോൾഡോ ഒബിയേറ്റ

സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിങാണിത്.

Update: 2025-10-03 13:32 GMT
Editor : Sharafudheen TK | By : Sports Desk

കൊച്ചി: പുതിയ സീസണിന് മുന്നോടിയായി ഗോളടിക്കാൻ സ്പാനിഷ് താരത്തെയെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാറിലാണ് ക്ലബ് ഒപ്പുവെച്ചത്. സ്പാനിഷ് ലീഗുകളിൽ കളിച്ച് പരിചയമുള്ള 31 കാരനെ എത്തിച്ചതിലൂടെ മുന്നേറ്റനിരയെ ശക്തമാക്കാനാകുമെന്നാണ് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത്.

സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് ഒബിയേറ്റ ഐഎസ്എല്ലിൽ പന്തുതട്ടാനെത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്. ബാസ്‌ക് കൺട്രിയിലെ ജെർണിക്കയിൽ ജനിച്ച കോൾഡോ, തന്റെ ഹോംടൗൺ ക്ലബ്ബായ ജേർണികയിൽ നിന്നാണ് ഫുട്‌ബോൾ കരിയർ ആരംഭിച്ചത്. 2012-ൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളത്തിലിറങ്ങി.

Advertising
Advertising

ആറടി ഉയരക്കാരനായ കോൾഡോ, ഏരിയൽ പന്തുകൾ ലക്ഷ്യത്തിലെത്തിക്കാൻ മിടുക്കുള്ള താരമാണ്. എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ മികവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിംഗ് പാടവവും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നതാണ്. മുന്നേറ്റനിരയിൽ കളിക്കുന്നതോടൊപ്പം വിവിധ റോളുകളിൽ കോച്ചിന്റെ ശൈലിക്കനുസരിച്ച് കളിക്കാൻ കെൽപ്പുള്ള താരമാണ് കോൾഡോ ഒബിയേറ്റ. 

''ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ഓഫർ ലഭിച്ചപ്പോൾ, ക്ലബ്ബിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞു, ആരാധകരെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കാണാനിടയായി. ഈ കുടുംബത്തിന്റെ ഭാഗമായതിൽ എനിക്ക് അഭിമാനമുണ്ട്. കളിക്കളത്തിൽ ഇറങ്ങാനും എന്റെ ഏറ്റവും മികച്ച പ്രകടനം നൽകാനും കാത്തിരിക്കുകയാണ്'- കരാറിലെത്തിയതിന് പിന്നാലെ താരം പ്രതികരിച്ചു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ ക്യാമ്പ് ഈ മാസം 7-ന് ഗോവയിൽ ആരംഭിക്കും. കോൾഡോയും ടീമിനൊപ്പം ചേരും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News