4-4 ആവേശക്കളിയിൽ ഗോവക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് സമനില

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരുവേള കളിയുടെ നിയന്ത്രണം നഷ്ടമായിരുന്നങ്കിലും വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു

Update: 2022-03-06 16:20 GMT

ആദ്യാവസാനം ആവേശം നിറഞ്ഞുതുളുമ്പിയ മത്സരത്തിൽ ഗോവ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിയുറപ്പിച്ചെങ്കിലും മികച്ച പ്രകടനം നടത്തുമെന്ന് പറഞ്ഞ് ഗോവക്കെതിരെ കളിക്കാനിറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരുവേള കളിയുടെ നിയന്ത്രണം നഷ്ടമായിരുന്നങ്കിലും വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു.

Advertising
Advertising

10, 25 മിനുട്ടികളിൽ പെനാൽട്ടിയടക്കം സ്‌ട്രൈക്കാർ പെരേര ഡയസിലൂടെ ആദ്യം രണ്ടുഗോളിന്റെ ലീഡ് നേടിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. എന്നാൽ ഐറം കബ്‌റേറയുടെ ഹാട്രിക് ഗോളിലൂടെ ഗോവ എഫ്‌സി മുന്നിലെത്തി. 49, 63, 82 മിനുട്ടുകളിലായിരുന്നു ഐറം ഗോൾവല കുലുക്കിയത്. അതിലൊന്ന് പെനാൽട്ടിയിലൂടെയായിരുന്നു. 79ാം മിനുട്ടിൽ അൽബിനാ ഡോഹ്‌ലിങും ഗോവക്കായി ഗോളടിച്ചു. അതോടെ നാലിനെതിരെ രണ്ട് ഗോളെന്ന നിലയിലായിരുന്നു സ്‌കോർബോർഡ്. എന്നാൽ മത്സരത്തിൽ 88ാം മിനുട്ടിൽ വിൻസി ബെരേറ്റോയും 90ാം മിനുട്ടിൽ അൽവാരോ വാസ്‌ക്വിസും ഗോൾ നേടിയതോടെ സെമിയിക്ക് തൊട്ടുമുമ്പുള്ള മത്സരത്തിൽ ടീം തോൽക്കാതെ രക്ഷപ്പെട്ടു.

മുംബൈ സിറ്റി എഫ്.സി ഹൈദരാബാദ് എഫ്.സിയോട് തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ സെമി പ്രവേശം ഉറപ്പാക്കിയിരുന്നു. 2016ലാണ് ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്സ് അവസാന നാലിലെത്തിയത്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. ഗോവക്കെതിരെ സമനിലയായെങ്കിലും 20 കളികളിൽ നിന്ന് 34 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തന്നെയാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തായിരുന്നു.

ഈ സീസണിൽ ജംഷഡ്പൂർ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എടികെ മോഹൻബഗാൻ എഫ്‌സി എന്നീ ടീമുകളാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ സെമിയിലെത്തിയിട്ടുള്ളത്. ഇനി ജംഷഡ്പൂരും എടികെയും തമ്മിലുള്ള മത്സരം മാത്രമാണ് സെമിഫൈനലിന് മുമ്പുള്ളത്. ബാക്കി ടീമുകളെല്ലാം 20 മത്സരം പൂർത്തിയാക്കിയിരിക്കുകയാണ്.

Kerala Blasters draw with Goa FC in a thrilling match, isl,

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News