'ഇന്ത ആട്ടം പോതുമ? അടടാ എന്നാ വടയാ...' ചെന്നൈയിനെ ട്രോളി ബ്ലാ്‌സ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സ് 2014 മുതൽ വട തിന്നുവെന്ന് കാണിച്ച് ചെന്നൈയിൻ ഫാൻസ് മുമ്പ് ട്രോളുകൾ ഇറക്കിയിരുന്നു

Update: 2023-02-08 07:19 GMT

Kerala Blasters troll

കൊച്ചി: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെയുള്ള കഴിഞ്ഞ സുപ്രധാന മത്സരത്തിൽ വിജയിച്ചതോടെ എതിർടീമിനെ ട്രോളി കേരള ബ്ലാസ്‌റ്റേഴ്‌സ്. 'ഇന്ത ആട്ടം പോതുമ' എന്ന കുറിപ്പോടെ ട്വിറ്ററിലെ മറൈൻ മച്ചാന്മാരെ കൊമ്പന്മാർ ട്രോളിയത്. 'അടാടട... എന്നാ വടയാ.. മസാൽ വട മസാൽ വട താ..' എന്ന് നടൻ വടിവേലു പറയുന്ന വീഡിയോയിലൂടെയാണ് ട്രോൾ.

കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ഫൈനലുകളിൽ വട തിന്നുവെന്ന് കാണിച്ച് ചെന്നൈയിൻ ഫാൻസ് മുമ്പ് ട്രോളുകൾ ഇറക്കിയിരുന്നു. 2014 മുതൽ മഞ്ഞപ്പട വട തിന്നുകയാണെന്ന കുറിപ്പോടെ അവർ കളിക്കളത്തിൽ വമ്പൻ ഫ്‌ളക്‌സും പ്രദർശിപ്പിച്ചിരുന്നു. നോക്ക് മോനെ, ആ മഞ്ഞപ്പട ഫാൻസിനെയെന്ന പരിഹാസക്കുറിപ്പും ഫ്‌ളക്‌സിലുണ്ടായിരുന്നു. ഇത്തരം പരിഹാസങ്ങൾക്ക് മറുപടിയായാണ് ട്വിറ്ററിൽ ട്രോൾ പോസ്റ്റ് ചെയ്തത്.

Advertising
Advertising

ഒരു സീസണിൽ കൂടുതൽ വിജയം; ബ്ലാസ്‌റ്റേഴ്‌സിന് പത്തു വിജയങ്ങൾ

ഇന്നലെ കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ വീഴ്ത്തിയതോടെ സീസണിൽ പത്ത് വിജയങ്ങളാണ് മഞ്ഞപ്പടയുടെ പേരിലുള്ളത്. ഒരു സീസണിൽ ടീം ഇത്രയും വിജയങ്ങൾ നേടുന്നത് ആദ്യമായാണ്. കോച്ച് ഇവാൻ വുകുമനോവിചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്നത്. ലോംഗ് ലിവ് ഇവാനിസം എന്ന കുറിപ്പോടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെ കോച്ച് ഇവാൻ വുകുമനോവിചിനെ പുകഴ്ത്തിയിട്ടുണ്ട്. ആരാധകർ ആശാനെന്ന് വിളിക്കുന്ന കോച്ചിന്റെ വലംകൈയെന്ന് വിളിക്കുന്ന അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ടു നയിക്കുന്നത്. ഇന്നലെ മലയാളി താരം രാഹുൽ കെ.പി മികച്ച മുന്നേറ്റങ്ങൾ നടത്തുകയും ഗോൾ നേടുകയും ചെയ്തിരുന്നു. ലൂണയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോളിന്റെ അസിസ്റ്റും ഈ ഉറുഗ്വേൻ താരത്തിന്റെ പേരിലാണ്.

കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാൾ എഫ്.സിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു. തുടർന്നാണ് ചെന്നൈയിനിതെിരെ വിജയിച്ചത്. ചെന്നൈയിൻ എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് കൊമ്പന്മാർ വിജയഭേരി മുഴക്കിയത്. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചെങ്കിലും 38ാം മിനിറ്റിൽ അഡ്രിയൻ ലൂണ തിരിച്ചടിച്ച് എതിരാളികളുടെ വല കുലുക്കുകയായിരുന്നു. പിന്നാലെ 64ാം മിനിറ്റിൽ മലയാളി താരം രാഹുൽ കെ.പി രണ്ടാം ഗോളിലൂടെ ലീഡ് നേടി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്.

ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 31 പോയിന്റായി. ആദ്യ ഗോളടിച്ചും രണ്ടാം ഗോളിന് വഴിയൊരുക്കിയും കളം നിറഞ്ഞ അഡ്രിയൻ ലൂണയാണു കളിയിലെ താരം. എന്നാൽ മറുവശത്ത് ഇത്രയും മത്സരങ്ങളിൽ നിന്ന് 18 പോയന്റ് മാത്രമുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്താണ്.

11ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ കെ.പി.രാഹുലിന് ഒരു ഗോൾ തിരിച്ചടിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ഡയമന്റക്കോസിന്റെ മനോഹരമായ ക്രോസ് കൃത്യമായി രാഹുൽ കാലിലൊതുക്കിയെങ്കിലും ഗോൾവല കുലുക്കാൻ സാധിച്ചില്ല.

21ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ നിഷു കുമാറും 27-ാം മിനിറ്റിൽ ഡയമന്റക്കോസും മികച്ച അവസരം പാഴാക്കി.തുടർന്ന് 17 മിനിറ്റുകൾക്ക് ശേഷം ലൂണ മഞ്ഞപ്പടയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. പിന്നീട് 43ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ഗോളായെന്ന് തോന്നിച്ചെങ്കിലും രാഹുലിന്റെ തകർപ്പൻ ലോങ് റേഞ്ചർ ചെന്നൈയിൻ ക്രോസ് ബാറിലിടിച്ച് തെറിക്കുകയായിരുന്നു.രണ്ടാം പകുതിയിൽ ചെന്നൈയിൻ ആക്രമണം ശക്തിപ്പെടുത്തിയതോടെ പ്രതിരോധത്തിലേക്ക് തിരിഞ്ഞ മഞ്ഞപ്പട, 64ാം മിനിറ്റിൽ വീണ്ടും എതിരാളികളുടെ നെഞ്ച് കലങ്ങുംവിധം വെടിയുണ്ട പായിക്കുകയായിരുന്നു. പിന്നാലെ ചെന്നൈയിൻ സമനില ഗോളിനായി പരിശ്രമിച്ചെങ്കിലും കൊമ്പന്മാരെ വീഴ്ത്താനായില്ല.

Kerala Blasters trolled Chennaiyin FC

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News