ജംഷഡ്പൂർ എഫ്.സിയോട് സമനില; ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് പ്രതീക്ഷ അവസാനിച്ചു
86ാം മിനിറ്റിൽ സെൽഫ് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്.
കൊച്ചി: നന്നായി കളിച്ചിട്ടും അവസാന മിനിറ്റുകളിൽ കളികൈവിടുന്ന പതിവ് ശൈലി തെറ്റിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകമായ കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾവീതം നേടി. ഇതോടെ സീസണിലെ മഞ്ഞപ്പടയുടെ പ്ലേഓഫ് പ്രതീക്ഷകളും അവസാനിച്ചു.
35ാം മിനിറ്റിൽ കോറോ സിങിന്റെ ഗോളിൽ മുന്നിട്ടുനിന്ന മഞ്ഞപ്പടക്കെതിരെ 86ാം മിനിറ്റിൽ ജംഷഡ്പൂർ ഒപ്പംപിടിക്കുകയായിരുന്നു. മിലോസ് ഡ്രിൻസിചിന്റെ സെൽഫ് ഗോളിലാണ് ജംഷഡ്പൂർ സമനില പിടിച്ചത്. 81ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ നേടിയെങ്കിലും വിവാദ ഓഫ്‌സൈഡ് തീരുമാനത്തിലൂടെ റഫറി ഗോൾ നിഷേധിച്ചത് കേരളത്തിന് തിരിച്ചടിയായി.
ആദ്യാവസാനം മികച്ച കളി പുറത്തെടുത്തിട്ടും ഫിനിഷിങിലെ പോരായ്മകൾ ആതിഥേയർക്ക് തിരിച്ചടിയായി. 35ാം മിനിറ്റിൽ ഒറ്റയാൻ നീക്കത്തിലൂടെയാണ് കോറോ സിങ് ബ്ലാസ്‌റ്റേഴ്‌സിനായി ലീഡെടുത്തത്. മധ്യത്തിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ യുവതാരം ജംഷഡ്പൂർ ഡിഫൻഡറെ മറികടന്ന് മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കി. 86ാം മിനിറ്റിൽ ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിനിടെ ഡ്രിൻസിചിന്റെ കാലിൽതട്ടി അബദ്ധത്തിൽ പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിൽകയറിയതോടെ ക്ലൈമാകാസിൽ ഒരിക്കൽകൂടി കളി കൈവിട്ടു. നിലവിൽ 22 മാച്ചിൽ ഏഴ് ജയം മാത്രമുള്ള മഞ്ഞപ്പട 25 പോയന്റുമായി ഒൻപതാം സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്ലേഓഫ് ഉറപ്പിക്കാനാവില്ല. മുംബൈ സിറ്റി മോഹൻ ബഗാൻ മത്സരവും സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും രണ്ട് ഗോൾവീതം നേടി.