സൂപ്പർ കപ്പിൽ സൂപ്പറായി ബ്ലാസ്റ്റേഴ്‌സ്; സ്‌പോട്ടിങ് ഡൽഹിക്കെതിരെ തകർപ്പൻ ജയം, 3-0
നവംബർ 6ന് നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ
പനാജി: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജി.എം.സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്‌പോർട്ടിങ് ക്ലബ്ബ് ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തുവിട്ടത്. സ്പാനിഷ് സ്‌ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ പകുതിയിൽ (18,23)ഇരട്ട ഗോൾ നേടി. കൊറോ സിങും (35) ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. മുൻ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കോച്ച് കാറ്റല ടീമിനെ ഇറക്കിയത്. ഡൂസൻ ലഗേറ്റർ, നോഹ സദൂയി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. അഞ്ച് വിദേശ താരങ്ങളെയാണ് കോച്ച് കളത്തിലിറക്കിയത്. കളി തുടങ്ങിയത് മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമണ മികവ് കാട്ടി. ആദ്യ മിനിറ്റുകളിൽത്തന്നെ നോഹയുടെ ഷോട്ട് ഡൽഹി ഗോൾകീപ്പറെ പരീക്ഷിച്ചു. തുടർന്ന് ലഭിച്ച കോർണറിൽ ഹുവാൻ റോഡ്രിഗസിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടി മടങ്ങിയത് ഗോളിന് തൊട്ടടുത്തെത്തിയ നിമിഷമായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ സമ്മർദ്ദത്തിന് ഫലം കണ്ടത് 18-ാം മിനിറ്റിലാണ്. ഡൽഹിയുടെ പ്രതിരോധനിര വരുത്തിയ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ കോൾഡോ ഒബിയെറ്റ അനായാസം പന്ത് വലയിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഉയർന്ന പ്രസ്സിങ്ങും വേഗത്തിലുള്ള മുന്നേറ്റങ്ങളുമായി ഡൽഹി ബോക്‌സിലേക്ക് തുടരെ ഇരമ്പിയെത്തി. പത്ത് മിനിറ്റിനുള്ളിൽത്തന്നെ നിഹാൽ സുധീഷിന്റെ മനോഹരമായ നീക്കത്തിൽ നിന്ന് വീണ്ടും അവസരം ലഭിച്ച കോൾഡോ, ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ലീഡ് ഇരട്ടിയാക്കി.
ബ്ലാസ്റ്റേഴ്സ് അവിടെയും നിർത്തിയില്ല. 33-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നൽകിയ കൃത്യതയാർന്ന ലോങ് പാസ് കൊറോ സിങ്ങിന്റെ കാലുകളിലേക്ക്. യുവതാരം പിഴവുകളില്ലാതെ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലെത്തിച്ച് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ സ്‌കോർ 3-0 ലേക്കെത്തിച്ചു. ബ്ലാസ്റ്റേഴ്സ് സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ ഡൽഹി പൂർണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു.
രണ്ടാം പകുതിയിലും കളിയിലെ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. നിഹാലിന്റെ തകർപ്പൻ മുന്നേറ്റങ്ങൾ, നോഹയുടെയും കൊറോയുടെയും ഷോട്ടുകളും ഡൽഹി ഗോൾകീപ്പറെ നിരന്തരം പരീക്ഷിച്ചു. 55-ാം മിനിറ്റിൽ വിബിൻ മോഹനൻ, ഐബാൻ ദോഹ്ലിങ് എന്നിവരെ ഇറക്കി കാറ്റല ടീമിന്റെ താളം നിലനിർത്തി. ഡൽഹി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്‌നം എന്നിവരടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ പ്രതിരോധം അതിനെല്ലാം തടയിട്ടു. തുടർച്ചയായ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. നവംബർ 6ന് ഗ്രൂപ്പ് സ്റ്റേജിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ