മോഹൻ ബഗാനോട് തോൽവി; സൂപ്പർ കപ്പിൽ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്, 2-1

ബഗാനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ഗോൾനേടി

Update: 2025-04-26 14:06 GMT
Editor : Sharafudheen TK | By : Sports Desk

ഭുവനേശ്വർ: ഐഎസ്എല്ലിന് പിന്നാലെ  സൂപ്പർകപ്പിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് തോൽവി വഴങ്ങി. ഇതോടെ സൂപ്പർകപ്പിൽ സെമി കാണാതെ മഞ്ഞപ്പട പുറത്തായി. മലയാളി താരം സഹൽ അബ്ദുൽ സമദ്(23), സുഹൈൽ(51) എന്നിവരാണ് ബഗാനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടനിലൂടെ(90+3) ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോൾ കണ്ടെത്തി. മധ്യനിരയിൽ ബഗാനായി മികച്ച പ്രകടനം നടത്തിയ മലയാളി താരം സലാഹുദ്ദീൻ അദ്‌നാനാണ് കളിയിലെ താരം.

 ഈസ്റ്റ്ബംഗാളിനെതിരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാർക്കെതിരെ ഇതേ പ്രകടനം ആവർത്തിക്കാനായില്ല. സ്‌ട്രൈക്കർ ജീസസ് ജിമിനെസും നോഹ് സദോയിയും നിറംമങ്ങി. മറുഭാഗത്ത് കൊൽക്കത്തൻ ക്ലബ് മുന്നേറ്റങ്ങളുമായി കേരള ബോക്‌സ് വിറപ്പിച്ചു. 23ാം മിനിറ്റിൽ ബഗാന് അനുകൂലമായി മലയാളി ടച്ചുള്ള ഗോളെത്തി. വലതുവിങിൽ നിന്ന് പന്തുമായി കുതിച്ച മലയാളി താരം സലാഹുദ്ദീൻ ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച സഹൽ ചിപ്പ്‌ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കബളിപ്പിച്ച് വലയിലെത്തിച്ചു. ഗോൾമടക്കാനായുള്ള ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ആദ്യ പകുതി ബഗാൻ ഒരു ഗോൾ ലീഡിൽ അവസാനിപ്പിച്ചു.

Advertising
Advertising

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് വലയിൽ രണ്ടാമതും പന്തെത്തിച്ച് കൊൽക്കത്തൻ ക്ലബ് മത്സരം വരുതിയിലാക്കി. മലയാളി സ്പർശമാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. ഇടതുവിങിലൂടെ മുന്നേറി മലയാളി താരം ആഷിക് കുരുണിയൻ ബോക്‌സിലേക്ക് നൽകിയ പന്ത് സുഹൈൽ ഭട്ട് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് ആഷിക്-സഹൽ സഖ്യം നിരവധി നീക്കങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖത്തെ വിറപ്പിച്ചു. ഇതിനിടെ ലഭിച്ച സുവർണാവസരം ജീസസ് ജിമിനെസ് നഷ്ടപ്പെടുത്തി. ഒടുവിൽ പകരക്കാരനായി ഇറങ്ങിയ മലയാളി താരം ശ്രീകുട്ടൻ 90+3ാം മിനിറ്റിൽ ഗോൾമടക്കിയെങ്കിലും അപ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News