നായകനായി ആദ്യകോപ്പ ഡെല്‍ റെ; സന്തോഷം പങ്കുവെച്ച് മെസി

കോവിഡ്​ കാരണം അടച്ചിട്ട സ്​റ്റേഡിയത്തിൽ മത്സരം നടത്താൻ ഇരുടീമുകളും വിസമ്മതിച്ചതോടെ ക​ഴിഞ്ഞ സീസൺ ഫൈനൽ നീട്ടിവെക്കുകയായിരുന്നു

Update: 2021-04-18 09:50 GMT
Editor : ubaid | Byline : Web Desk
Advertising

ബാഴ്‌സലോണ നായകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യത്തെ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ലയണൽ മെസി. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് ഈ സീസണിലെ ആദ്യകിരീടം ബാഴ്‌സലോണ സ്വന്തമാക്കിയത്. 2018ൽ ആന്ദ്രേ ഇനിയേസ്റ്റയിൽ നിന്നുമാണ് മെസി നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2018-19 സീസണിന്​ ശേഷം ആദ്യമായാണ്​ ബാഴ്​സ കിങ്​സ്​ കപ്പിൽ മുത്തമിടുന്നത്​.

"ബാഴ്‍സലോണയുടെ നായകനാവാൻ കഴിയുന്നത് വളരെ പ്രത്യേകതകളുള്ള കാര്യമാണ്. അതുപോലെ തന്നെയാണ് എനിക്ക് കോപ്പ ഡെൽ റേ ഉയർത്താൻ കഴിഞ്ഞതും. എന്നാൽ ഫൈനൽ വിജയം ആരാധകർക്കൊപ്പം ആഘോഷിക്കാൻ കഴിയില്ലെന്നതിൽ നിരാശയുണ്ട്. നിലവിൽ എല്ലാവരും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യവും വളരെ മോശമാണ്." മെസി മത്സരത്തിനു ശേഷം ബാഴ്‌സ ടിവിയോട് പറഞ്ഞു.

മത്സരത്തിൽ മെസി ഇരട്ടഗോളുകൾ നേടിയിരുന്നു. കോപ്പ ഡെൽ റേ ഫൈനലുകളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന ടെൽമോ സാറയുടെ റെക്കോർഡും മെസി ഇരട്ടഗോളുകളോട് കൂടി മറികടന്നു. 10 കോപ ഡെൽ റേ ഫൈനലുകളിലാണ്​ മെസ്സി വലകുലുക്കിയത്​. സീസണിലെ മെസ്സിയുടെ ഗോൾസമ്പാദ്യം 30 കടന്നു. തുടർച്ചയായി 13 സീസണുകളിൽ 30ലധികം ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി.

കിരീടം സ്വന്തമാക്കിയ സന്തോഷത്തിനൊപ്പം മെസി ബാഴ്‌സലോണക്കൊപ്പം തുടരുമെന്ന പ്രതീക്ഷ പരിശീലകനായ കൂമാൻ പങ്കുവെച്ചു. കിരീടനേട്ടത്തിൽ എല്ലാ താരങ്ങളും അഭിനന്ദനം അർഹിക്കുന്നുണ്ടെങ്കിലും മെസിയാണ് ടീമിൽ വ്യത്യാസം സൃഷ്ടിക്കുന്നതെന്നും എല്ലാവർക്കും താരം ബാഴ്‌സലോണയിൽ തന്നെ തുടരണമെന്ന ആഗ്രഹമുണ്ടെന്നും ഡച്ച് പരിശീലകൻ പറഞ്ഞു.

കോവിഡ്​ കാരണം അടച്ചിട്ട സ്​റ്റേഡിയത്തിൽ മത്സരം നടത്താൻ ഇരുടീമുകളും വിസമ്മതിച്ചതോടെ ക​ഴിഞ്ഞ സീസൺ ഫൈനൽ നീട്ടിവെക്കുകയായിരുന്നു. എന്നാൽ സാഹചര്യം അനുകൂലമാകാതെ വന്നതോടെ ഇക്കുറിയും കാണികളുടെ അഭാവത്തിലാണ്​ ഫൈനൽ അരങ്ങേറിയത്​.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News