നാടകീയതകള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കീരീടം

76മിനിറ്റ് വരെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു.

Update: 2022-05-22 17:22 GMT
Editor : ubaid | By : Web Desk

അത്യന്തം ആവേശകരമായ മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ആറു മിനിറ്റിനുള്ളില്‍ നേടിയ മൂന്ന് ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്. വോൾവ്‌സിനെ പരാജയപ്പെടുത്തിയെങ്കിലും സിറ്റി വിജയിച്ചതോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തായി. 

ആസ്റ്റണ്‍വില്ലക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം മൂന്ന് ഗോളുകൾ അടിച്ചാണ് സിറ്റി മത്സരത്തിൽ വിജയിച്ചത്. വിജയത്തോടെ 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുകളുമായാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നിലനിറുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം മൂന്ന് ഗോളുകൾ നേടി വോൾവ്‌സിനെ പരാജയപ്പെടുത്തിയ ലിവർപൂൾ 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. വിജയിച്ചാൽ കിരീടം കൈയിലിരിക്കുമെന്ന് കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ല ഞെട്ടിക്കുന്ന കാഴ്ചയാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. 37ആം മിനുട്ടിൽ കാഷിലൂടെ മുന്നിലെത്തിയ വില്ല, 69ആം മിനുട്ടിൽ ഫിലിപ്പെ കുട്ടീന്യോയിലൂടെ ലീഡ് ഇരട്ടിയാക്കി.

Advertising
Advertising

പകരക്കാരനായി കളത്തിലിറങ്ങിയ ഗുണ്ടോഗനിലൂടെ 76ആം മിനുറ്റിൽ ഗോൾ നേടി സിറ്റി തിരിച്ചുവരവിന് തുടക്കം കുറിച്ചു. ഗോൾ നേടി രണ്ട് മിനിറ്റുകൾക്കകം തന്നെ റോഡ്രിയിലൂടെ സമനില ഗോൾ നേടിയ സിറ്റി, 81ആം മിനുറ്റിൽ ഗുണ്ടോഗനിലൂടെ വീണ്ടും ഗോൾ നേടി കിരീടം ഉറപ്പിക്കുകയായിരുന്നു. 




 


വാറ്റ്‌ഫോഡിനെ 2-1 പരാജയപ്പെടുത്തി ചെൽസി 74 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും, നോർവിച്ച് സിറ്റിയെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ടോട്ടൻഹാം ഹോട്സ്പർ 71 പോയിന്റുകളോടെ നാലാം സ്ഥാനത്തും ലീഗ് സീസൺ ഫിനിഷ് ചെയ്‌തു. ആദ്യ നാല് സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ എന്നിവരാണ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുള്ളത്.

അവസാന റൗണ്ട് മത്സരത്തിനായി പ്രീമിയർ ലീഗ് ക്ലബുകൾ ഇന്നു രാത്രി ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റി 90 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്തയിരുന്നു. 89 പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂൾ അവസാന മത്സരത്തിൽ വോൾവ്‌സിനെ തോൽപ്പിച്ചാലും മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കിയില്ലെങ്കിൽ ലിവർപൂളിന് കിരീടം നേടാൻ യാതൊരു സാധ്യതയുമില്ലായിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News