ഗോളുമായി ഡിബ്രുയിനെ റിട്ടേൺസ്; ഇഞ്ചുറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റി

ന്യൂകാസിൽ യുണൈറ്റഡിനെയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്.

Update: 2024-01-14 09:53 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: വന്നു, കണ്ടു, കീഴടക്കി.. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് അവിസ്മരണീയമാക്കി കെവിൻ ഡിബ്രുയിനെ. കളത്തിലിറങ്ങി അഞ്ച് മിനിറ്റിനകം ഗോളടിച്ച ബെൽജിയം താരം, ഇഞ്ച്വറി ടൈമിൽ വിജയമുറപ്പിച്ച സിറ്റി ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ നിലവിലെ ചാമ്പ്യൻമാർ പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു.

ന്യൂകാസിൽ യുണൈറ്റഡിനെയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി കീഴടക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ചാമ്പ്യൻ ക്ലബിന്റെ തിരിച്ചുവരവ്. 26ാം മിനിറ്റിൽ ബെർണാഡോ സിൽവയിലൂടെയാണ് സന്ദർശകർ മുന്നിലെത്തിയത്. ബോക്‌സിനുള്ളിലേക്ക് നൽകിയ കെയിൽ വാക്കറുടെ പാസ് സ്വീകരിച്ച് ബാക്ക്ഹീലിലൂടെ സിൽവ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. സിറ്റി ആരാധകരുടെ ആഘോഷം അവസാനിക്കും മുൻപെ ന്യൂകാസിൽ സമനില പിടിച്ചു. കൗണ്ടർ അറ്റാക്കിലൂടെ 35ാം മിനിറ്റിൽ സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്കിലൂടെയാണ് സ്വന്തം കാണികൾക്ക് മുന്നിൽ ന്യൂകാസിൽ വലകുലുക്കിയത്. രണ്ട് മിനിറ്റിന് ശേഷം അന്റോണിയോ ഗോർഡന്റെ മനോഹര കർവിങ് ഷോട്ടിലൂടെ മത്സരത്തിൽ ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ പ്രതിരോധകോട്ടകെട്ടി മാഞ്ചസ്റ്റർ സിറ്റി അക്രമത്തെ തടയാനായിരുന്നു ന്യൂകാസിൽ ഗെയിം പ്ലാൻ. എന്നാൽ 69ാംമിനിറ്റിൽ പെപ് ഗ്വാർഡിയോള സിറ്റി സൂപ്പർതാരം കെവിൻ ഡിബ്രുയിനെയെ ഇറക്കുന്നത് വരെ ഈയൊരു പ്ലാൻ വിജയിച്ചു. സിറ്റിയുടെ എക്കാലത്തേയും മികച്ചതാരം കളത്തിലറങ്ങിയതോടെ പുത്തൻ ഊർജത്തോടെയുള്ള സംഘമായി സിറ്റി കളത്തിൽ. 74ാം മിനിറ്റിൽ തന്റെ പരിചയസമ്പത്തിലൂടെ ഡിബ്രുയിനെ സമനിലപിടിച്ചു. ന്യൂകാസിൽ പ്രതിരോധ താരത്തിന്റെ ചെറിയ വിടവിലൂടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. കാഴ്ചക്കാരനാകാനേ സ്ലൊവേക്ക്യൻ ഗോൾകീപ്പർ മാർട്ടിൻ ഡുബ്രേക്കെക്ക് സാധിച്ചുള്ളൂ (2-2). മാസങ്ങൾക്ക് ശേഷമുള്ള 32കാരന്റെ ഗോൾ ആഘോഷം. കളി സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷമാണ് വീണ്ടുമൊരു ഡിബ്രുയിനെ മാജിക് പിറന്നത്.

ബോക്‌സിന് പുറത്തുനിന്ന് ന്യൂകാസിൽ ഡിഫൻഡർമാർക്ക് മുകളിലൂടെ നോർവീജിയൻ യുവതാരം ഓസ്‌കാർ ബോബിനെ ലക്ഷ്യമാക്കി അളന്നുമുറിച്ച് നൽകിയ ബോൾ തട്ടിയകറ്റുന്നതിൽ പ്രതിരോധതാരം ട്രിപ്പിയർക്ക് പിഴച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ യുവതാരം (90+1)ഗോളിമാത്രം മുന്നിൽനിൽക്കെ ലക്ഷ്യത്തിലേക്ക് തട്ടിയിട്ടു. സിറ്റിക്കു വേണ്ടിയുള്ള കരിയറിലെ ആദ്യഗോളും 20 കാരൻ സ്വന്തമാക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News