യുനൈറ്റഡിന് സീസണിലെ ആദ്യ ജയം, ചെൽസിയും ജയിച്ചു: ടോട്ടൻഹാമിനെ വീഴ്ത്തി ബോൺമൗത്ത്‌

Update: 2025-08-30 17:13 GMT
Editor : Harikrishnan S | By : Sports Desk

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബേൺലിയെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഇഞ്ചുറി ടൈമിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളിലാണ് വിജയം. ലണ്ടൻ വൈരികളായ ഫുൾഹാമിനെതിരെ എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ജാവോ പെഡ്രോയും എൻസോ ഫെർണാണ്ടസും ബ്ലൂസിനായി ഗോൾവല കുലുക്കി. അതേസമയം ബോൺമൗത്തിനോട് തങ്ങളുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽവിയേറ്റുവാങ്ങി ടോട്ടൻഹാം.

ബേൺലി താരം കല്ലന്റെ സെല്ഫ് ഗോളിൽ 27ാം മിനുറ്റിൽ മുന്നിലെത്തിയ യുണൈറ്റഡിനെ രണ്ടാം പകുതിയിൽ ഫോസ്റ്റർ നേടിയ ഗോളിൽ ബേൺലി സമനില പിടിച്ചു. പക്ഷെ വെറും രണ്ട് മിനിറ്റുകൾക്ക് ശേഷം എംബുമോയിലൂടെ വീണ്ടും യുനൈറ്റഡ് മുന്നിലെത്തി. എന്നാൽ 66ാം മിനിറ്റിൽ വാക്കറിന്റെ ലോങ്ങ് ത്രോവിൽ നിന്ന് വന്ന പന്ത് ബേൺലി താരം ചൗന ഗോളിലേക്ക് പായിച്ചു. യുനൈറ്റഡ് കീപ്പർ ബയിൻദിർ അത് തടഞ്ഞെങ്കിലും റീബൗണ്ട് ഗോളാക്കി മാറ്റി ജെയ്ഡൻ ആൻ്റണി വീണ്ടും സമനില പിടിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ അമാദ് ഡിയാലോവിനെ ബോക്സിനുള്ളി ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് യുനൈറ്റഡിന് 3-2 ന് വിജയം നൽകി. ആദ്യ പകുതിയിൽ യുനൈറ്റഡ് താരം മാത്തേവൂസ് കുന്യ പരിക്ക് പറ്റി പുറത്തായി.

Advertising
Advertising

സ്റ്റാംഫോർഡ് ബ്രിജിൽ നടന്ന മറ്റൊരു മത്സരത്തിൽ സൂപ്പർ താരം കോൾ പാൽമറില്ലാതെയാണ് ഫുൾഹാമിനെതിരെ ചെൽസിയിറങ്ങിയത്. ആദ്യ പകുതിയിൽ തന്നെ ചെൽസിക്ക് തിരിച്ചടിയായി സ്‌ട്രൈക്കർ ലിയാം ഡെലാപ് പരിക്ക് പറ്റി പുറത്തായി. എന്നാൽ ആദ്യ പകുതിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ കോർണറിൽ തല വെച്ച് ജാവോ പെഡ്രോ (51') ചെൽസിക്ക് ലീഡ് നൽകി. തുടർന്ന് രണ്ടാം പകുതിയിൽ ഫുൾഹാം താരം സെസന്യോന്റെ ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി എൻസോ ഫെർണാണ്ടസ് (58') ചെൽസിയുടെ ലീഡുയർത്തി. ഫുൾഹാം നല്ല രീതിയിൽ അറ്റകുകൾ നടത്തിയെങ്കിലും ചെൽസിയുടെ ഗോൾവല ചലിപ്പിക്കാനായില്ല.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News