മെക്കാബി ടെൽ അവീവ് ആരാധകർക്ക് വില്ലാ പാർക്കിൽ വിലക്ക്
ബിർമിങ്ങാം: ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ലാ പാർക്കിൽ നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിൽ നിന്ന് ഇസ്രായേലി ക്ലബായ മെക്കാബി ടെൽ അവീവ് ആരാധകരെ വിലക്കി വെസ്റ്റ് മിഡ്ലൻഡ്സ് പൊലീസ്. നവംബർ ആറിന് നടക്കാനിരിക്കുന്ന മത്സരത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാട്ടിയാണ് മെക്കാബി ആരാധകരെ വിലക്കിയത്. വ്യാഴാഴ്ചയാണ് ആസ്റ്റൺ വില്ല തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്ഡിലിലൂടെ ഈ വിവരം പുറത്ത് വിട്ടത്.
സ്റ്റേഡിയത്തിന് പുറത്തുള്ള പൊതുജനങ്ങളുടെ സുരക്ഷാ, രാത്രി കാലത്ത് നടക്കാൻ സാധ്യതയുള്ള പ്രതിഷേധ പ്രകടനങ്ങളെ കൈകാര്യം ചെയ്യൽ എന്നിങ്ങനെയുള്ള ആശങ്കകളാണ് പോലീസ് വൃത്തങ്ങൾ പുറത്തു വിട്ടത്. മെക്കാബി ടെൽ അവീവുമായി വില്ല അധികൃതർ ആശയ വിനിമയം തുടരുകയാണെന്നും ആരാധകരുടെ സുരക്ഷയെ മാനിച്ചുകൊണ്ടാണ് ഈ തീരുമാനം എന്നും ആസ്റ്റൺ വില്ല വ്യക്തമാക്കി. ലണ്ടനിലുള്ള ജ്യുവിഷ് കൗൺസിൽ ഈ തീരുമാനത്തെ അനീതിയായിട്ടാണ് കാണുന്നത്.
കഴിഞ്ഞ സീസണിൽ അയാക്‌സുമായി ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ മെക്കാബി ആരാധകർ അയാക്സ് ആരാധകരുമായി ഏറ്റുമുട്ടിയിരുന്നു.