അവസരങ്ങൾ തുലച്ചു; കരബാവോ കപ്പ് സെമിയിൽ ചെൽസിയെ അട്ടിമറിച്ച് മിഡിൽസ്‌ബ്രോ

സമീപകാലത്ത് ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന നീലപ്പടയുടെ ദൗർബല്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു കരബാവോ കപ്പിലും കണ്ടത്

Update: 2024-01-10 06:46 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പിന്നാലെ കരബോവോ കപ്പിലും കാലിടറി ചെൽസി. എതിരില്ലാത്ത ഒരു ഗോളിന് മിഡിൽസ്ബ്രോയാണ് അട്ടിമറിച്ചത്. 37ാം മിനിറ്റിൽ ഹെയ്ഡൻ ഹാക്ക്നിയാണ് ആതിഥേയർക്കായി വിജയഗോൾ നേടിയത്. 

ഈ മാസം 24ന് ചെൽസി തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ രണ്ടാം പാദ മത്സരം നടക്കും. രണ്ടാംസെമിയിൽ ഇ്ന്ന് ലിവർപൂൾ-ഫുൾഹാം പോരാട്ടം

സമീപകാലത്ത് ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന നീലപ്പടയുടെ ദൗർബല്യങ്ങൾ വ്യക്തമാക്കുന്നതായിരുന്നു കരബാവോ കപ്പിലും കണ്ടത്. കളിയിലുടനീളം നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായമകൾ തിരിച്ചടിയായി. പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ട് ഉതിർക്കുന്നതിലുമെല്ലാം ചെൽസിയായിരുന്നു മുന്നിൽ. ഗോളിമാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം മധ്യനിര താരം കോൾ പാമർ നഷ്ടപ്പെടുത്തി. താരങ്ങൾ തമ്മിലുള്ള മികച്ച കോർഡിനേഷനില്ലാത്തതും പ്രതിരോധത്തിലെ പിഴവുകളുമെല്ലാം മുൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയായി.

സീസൺ തുടക്കത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ക്ലബ്ബുകളിലൊന്നായിരുന്നു ചെൽസി. ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുൻകു, ഇക്വഡോർ താരം മോയ്സ് കയ്സെഡോ, സെനഗൽ താരം നിക്കോളാസ് ജാക്സൺ, ബെൽജിയം താരം റോമിയോ ലാവിയ എന്നിവരെയെല്ലാം പൊന്നുംവില കൊടുത്താണ് എത്തിച്ചത്. ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോർഡ് തകർത്ത് 115 മില്യൺ നൽകിയാണ് ബ്രൈട്ടൻ ക്ലബ്ബിൽ നിന്ന് ഡിഫൻസീവ് മിഡ്ഫീൽഡറായ കയ്സഡോയെ കൊണ്ടുവന്നത്. വൻതുക മുടക്കി അർജന്റൈൻ യുവതാരം എൻസോ ഫെർണാണ്ടസ്, യുക്രൈൻ സൂപ്പർതാരം മിഖായിലോ മുഡ്രിച് എന്നിവരെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ചിരുന്നു.

അമേരിക്കൻ ബിസിനസുകാരനായ ടോഡ് ബോഹ്ലി ചെൽസി ഏറ്റെടുത്തതിന് ശേഷം രണ്ടു വർഷത്തിനിടെ ഒരു ബില്യണാണ് താരങ്ങളെ വാങ്ങാനായി മാത്രം ചെലവഴിച്ചത്. വൻതാര നിരയ്‌ക്കൊപ്പം മുൻ പി.എസ്.ജി പരിശീലകൻ മൗറീഷിയോ പൊച്ചറ്റീനോയെ മാനേജറായും നിയമിച്ചതോടെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ കടലാസിലെ ശക്തി കളിക്കളത്തിൽ കൊണ്ടുവരാൻ മുൻ ചാമ്പ്യൻമാർക്ക് കഴിഞ്ഞില്ല. പ്രീമിയർ ലീഗ് പാതി പിന്നിടുമ്പോൾ ടീം പത്താം സ്ഥാനത്താണ്. 20 മത്സരങ്ങളിൽ എട്ട് കളി മാത്രമാണ് ജയിക്കാനായത്. എട്ട് തോൽവി. പ്രധാന ടീമുകളോടും കുഞ്ഞൻ ടീമുകളോടും ഒരു പോലെ കീഴടങ്ങിയതോടെ ഇത്തവണ പ്രീമിയർ ലീഗ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു. ആദ്യ നാലിലെങ്കിലും സ്ഥാനം പിടിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയാണ് ടീമിന് മുന്നിൽ ഇനിയുള്ള ലക്ഷ്യം. എന്നാൽ കരബാവോ കപ്പ് ഉൾപ്പെടുള്ള മത്സരങ്ങളിലും ടീമിന് പ്രതീക്ഷക്കൊത്തുയരാനാകുന്നില്ല.  ഇത്രയധികം തുക ചെലവഴിച്ചിട്ടും മികച്ചൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാനായില്ലെന്നതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. പ്രതീക്ഷയോടെയെത്തിച്ച നിക്കോളാസ് ജാക്സൺ ഗോൾ നേടാൻ പ്രയാസപ്പെടുന്നത് ടീമിന് വലിയ തലവേദനയായി. ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്ട്രൈക്കർക്കായുള്ള ശ്രമത്തിലാണ് ചെൽസി മാനേജ്മെന്റ്

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News