കൊൽക്കത്ത ഡെർബിയിൽ ബഗാനെ തളച്ച് ഈസ്റ്റ് ബംഗാൾ സെമിയിലേക്ക് മുന്നേറി

Update: 2025-10-31 18:47 GMT
Editor : Harikrishnan S | By : Sports Desk

ഫത്തോർദ: സൂപ്പർ കപ്പിൽ ഇന്ന് നടന്ന കൊൽക്കത്ത ഡെർബി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ അഞ്ചു പോയിന്റുകളുമായി ഗോൾ ഡിഫറൻസിന്റെ ആനുകൂല്യത്തിൽ ഗ്രൂപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ് സെമിയിലേക്ക് മുന്നേറി. ഗ്രൂപ്പിൽ ചെന്നൈയിൻ എഫ്‌സിയുമായി നേടിയ 4-0 ന്റെ ജയമാണ് ഈസ്റ്റ് ബംഗാളിന് അനുകൂലമായത്.

മത്സരത്തിലെ ആദ്യ പകുതിയിൽ മൂന്നു മികച്ച അവസരങ്ങളും ഈസ്റ്റ് ബംഗാളിനാണ് വീണു കിട്ടിയത്. ഒമ്പതാം മിനിറ്റിൽ തന്നെ ബാസിം റാഷിദിന്റെ ത്രൂ ബോളുമായി മുന്നേറിയ ഹമീദ് അഹ്മദിന്റെ ഷോട്ട് ബാഗാണ് കീപ്പർ വിശാൽ കൈത്തതിന്റെ കൈകളിലേക്ക് സുരക്ഷിതമായെത്തി. 24ാം മിനിറ്റിൽ മിഗ്വേലിന്റെ ക്രോസിൽ തല വെച്ച ബിപിൻ സിംഗിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തിരിച്ചു വന്നു. 28ാം മിനിറ്റിൽ മഹേഷ് സിംഗ് ഉതിർത്ത അക്രോബാറ്റിക് വോളി ഷോട്ട് ബാറിന് മുകളിലൂടെ പോകുന്ന കാഴ്ചയും കണ്ടു.

രണ്ടാം പകുതിയിൽ ബഗാന്റെ ആദ്യ അവസരമെത്തി. അപുയിയയുടെ ക്രോസിൽ തല വെച്ച ലിസ്റ്റൺ കൊളാക്കോയുടെ ഹെഡർ ബാറിന് മുകളിലൂടെ പറന്നു. മത്സരത്തിലേക്ക് തിരികെയെത്തിയ ഈസ്റ്റ് ബംഗാൾ വീണ്ടും ബഗാൻ ഗോൾ മുഖത്തേക്ക് ഇരച്ചു കയറി. 60 മിനിറ്റ് പിന്നിട്ടതും മൊറോക്കൻ താരം ഹാമിദ് അഹ്മദിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് വിശാൽ കൈത്ത് തടഞ്ഞിട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പൊസഷൻ കയ്യിൽ വെച്ച് സമനിലയിലേക്ക് നയിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങളാണ് കണ്ടത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News