പത്തുപേരുമായി പൊരുതി ന്യൂകാസിൽ, ഒടുവിൽ ജയം പിടിച്ച് ലിവർപൂൾ
ന്യൂകാസില്‍: പത്തുപേരായി ചുരുങ്ങിയിട്ടും രണ്ട് ഗോളിന് പിന്നിലായിട്ടും പൊരുതിയ ന്യൂകാസിൽ യുനൈറ്റഡിനെ ഇഞ്ച്വറി ടൈം ഗോളിൽ വീഴ്ത്തി ലിവർപൂൾ. ഇഞ്ചുറി ടൈമിന്റെ പത്താം മിനുറ്റിൽ റിയോ എൻഗുമോവ നേടിയ ഗോളിലാണ് ലിവർപൂൾ വിലപ്പെട്ട മൂന്നുപോയന്റുകൾ കൂടി പോക്കറ്റിലാക്കിയത്.
കളി തുടങ്ങി 35-ാം മിനിറ്റില്‍ ഗ്രാവെന്‍ബെര്‍ക്ക് നേടിയ ഗോളില്‍ ചെമ്പടയാണ് മുന്നിലെത്തിയത്. ഇടതുവിങ്ങില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ കോഡി ഗാക്‌പോ മറിച്ചുനല്‍കിയ പന്ത് ബോക്‌സിനു പുറത്തുനിന്ന് ഒരു വലങ്കാലനടിയിലൂടെ ഗ്രാവെന്‍ബെര്‍ക്ക് ഗോളാക്കി മാറ്റുകയായിരുന്നു. ആറ് ന്യൂകാസില്‍ താരങ്ങളെ കാഴ്ചക്കാരാക്കിയായിരുന്നു ഈ ഗോള്‍. ന്യൂകാസിലിന്റെ പല മുന്നേറ്റങ്ങളും ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിന്റെയും പ്രതിരോധതാരങ്ങളുടെയും മുന്നില്‍ അവസാനിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കേ വിര്‍ജില്‍ വാന്‍ഡൈക്കിനെ ചവിട്ടിവീഴ്ത്തിയതിന് ന്യൂകാസിലിന്റെ ആന്റണി ഗോര്‍ഡന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. ഇതോടെ പത്തുപേരായി ചുരുങ്ങിയ ന്യൂകാസില്‍ ദി റെഡ്‌സിന്റെ മുന്നേറ്റങ്ങള്‍ തടയാന്‍ പാടുപെട്ടു.
രണ്ടാം പകുതി തുടങ്ങിയതേ ഉള്ളൂ. 46-ാം മിനിറ്റില്‍ മൈതാനമധ്യത്തില്‍ നിന്ന് ഹ്യൂഗോ എകിറ്റിക്കേ തുടങ്ങിയ മുന്നേറ്റം ഇടതുവിങ്ങിലൂടെ ഗാക്‌പോയിലെത്തി. ബോക്‌സിനകത്തുനിന്ന് എകിറ്റിക്കേ തൊടുത്ത ഷോട്ട് നിക് പോപ് തടയാന്‍ ശ്രമിച്ചെങ്കിലും ഇടതുമൂലയിലൂടെ ഗോളായി മാറി. ലിവര്‍പൂള്‍ രണ്ടുഗോളിന്റെ ലീഡിൽ.
ന്യകാസിൽ സ്റ്റേഡിയം നിശബ്ദമായിത്തുടങ്ങി. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷയുടെ പുതുജീവന്‍ നല്‍കിയാണ് ക്യാപ്റ്റന്‍ ബ്രൂണോ ഗ്വുമിരായസ് ഗോള്‍ പിറന്നത്. ഇടതുവിങ്ങില്‍ നിന്ന് വലന്റിനോ ലിവ്‌റമെന്റോ തളികയിലെന്നവെച്ചുനീട്ടിയ ക്രോസ് അലിസണെ കാഴ്ചക്കാരനാക്കി ബ്രൂണോ ഗ്വിമരായസ് വലയിലേക്കിട്ടു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ന്യൂകാസിലിന്റെ ശ്രമങ്ങൾ 88-ാം മിനിറ്റില്‍ ഫലം കണ്ടു. ന്യൂകാസിലിനു കിട്ടിയ ഫ്രീകിക്ക് നിക് പോപ് മൈതാനമധ്യത്തിനരികേ നിന്ന് നീട്ടിയടിച്ചു. കൊനാട്ടെയുടെ പിഴവില്‍നിന്ന് വീണുകിട്ടിയ അവസരം ഒസൂല ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. പത്തുപേരുമായി പൊരുതിയ ന്യൂകാസില്‍ മത്സരം സമനിലയില്‍ അവസാനിപ്പിക്കുമെന്നു തോന്നിപ്പിച്ചു.
എന്നാല്‍ അധിക സമയത്തിലേക്കു നീങ്ങിയ പോരാട്ടം ലിവർപൂൾ പിടിച്ചെടുക്കുകയായിരുന്നു. പതിനാറുകാരന്‍ റിയോ എൻഗുമോവയാണ് ഇത്തവണ രക്ഷകനായത്. 90-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി തന്റെ അരങ്ങേറ്റം കുറിച്ച നുഗുമോഹയിലേക്ക് മുഹമ്മദ് സലാഹാണ് ക്രോസ് നല്‍കിയത്. മാര്‍ക്ക് ചെയ്യാന്‍ ആരുമില്ലാതെ ബോക്‌സില്‍ ഫ്രീയായി നിന്ന നുഗുമോഹ ബോക്‌സിന്റെ വലതുമൂലയിലേക്ക് പന്ത് ചെത്തിയിട്ടു. രണ്ടു മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ പട്ടികയില്‍ മൂന്നാമതാണ്. ഗോള്‍ശരാശരിയുടെ ബലത്തില്‍ ആര്‍സനല്‍, ടോട്ടന്‍ഹാം ടീമുകള്‍ ആദ്യ സ്ഥാനങ്ങളിരിക്കുന്നു. ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍വില്ലയോട് സമനില വഴങ്ങിയ ന്യൂകാസില്‍ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.