നെയ്മറിന് ചുവപ്പ് കാര്‍ഡ്; എംബാപ്പെയുടെ ഗോളില്‍ പി.എസ്.ജിക്ക് ജയം

ഒന്നിനെതിരെ രണ്ട് ഗോളിനാണ് പി.എസ്.ജി സ്ട്രാസ്ബെർഗിനെ തോൽപ്പിച്ചത്.

Update: 2022-12-29 05:00 GMT

ലോകകപ്പിന് ശേഷമുള്ള ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ പി.എസ്.ജിക്ക് നാടകീയ ജയം. ബ്രസീല്‍ താരം നെയ്മറിന് ചുവപ്പ് കാർഡ് ലഭിച്ച മത്സരത്തിൽ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ ഗോളിലാണ് പി.എസ്.ജി ജയിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്ട്രാസ്ബെർഗിനെ തോൽപ്പിച്ചത്.

14ആം മിനിറ്റിൽ നെയ്മറിന്‍റെ അസിസ്റ്റില്‍ മാർക്വിനോസാണ് പി.എസ്.ജിക്കായി ആദ്യം വല കുലുക്കിയത്. രണ്ടാം പകുതിയിൽ സ്ട്രാസ്ബെർ​ഗ് കളിയിലേക്ക് തിരിച്ച് വന്നു. 51ആം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ സ്ട്രാസ്ബർഗ് സമനില പിടിക്കുകയായിരുന്നു. തോമാസ്സണിന്റെ ഒരു ക്രോസ് തടുക്കാനുള്ള മാർക്വിനോസിന്‍റെ ശ്രമമാണ് സെല്‍ഫ് ഗോളായി മാറിയത്.

Advertising
Advertising

അതിനിടെ 63ആം മിനിട്ടില്‍ നെയ്മര്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ബോക്സിനുള്ളിൽ ഡൈവ് ചെയ്ത സംഭവത്തിൽ രണ്ടു തവണ മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് നെയ്മറിന് പുറത്തുപോകേണ്ടിവന്നത്. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച സമയത്താണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ പി.എസ്.ജിക്ക് പെനാല്‍റ്റി ലഭിച്ചത്. പെനാൽറ്റി ഗോളാക്കി എംബാപ്പെ പി.എസ്.ജിയെ ജയിപ്പിച്ചു. പോയിന്‍റടിസ്ഥാനത്തില്‍ 44 പോയിന്റോടെ പി.എസ്.ജിയാണ് ഒന്നാമത്. മെസ്സി ഇല്ലാതെയാണ് പി.എസ്.ജി ഇറങ്ങിയത്.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News