'എന്തൊരു ടീം! ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്‌ലിം ലോകത്തിനും എന്തൊരു നേട്ടം'; മൊറോക്കോയെ പുകഴ്ത്തി ഓസിൽ

സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോക്ക് പിറകിൽ ഭൂഖണ്ഡത്തിലെ മുഴുവൻ പേരുമുണ്ടെന്ന്‌ കാമറൂൺ താരം സാമുവൽ എറ്റു

Update: 2022-12-11 12:09 GMT
Advertising

പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫുട്‌ബോൾ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയ മൊറോക്കോയെ പുകഴ്ത്തി മുൻ ജർമൻ ഫുട്‌ബോളർ മെസ്യൂട് ഓസിൽ. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോയെ ട്വിറ്ററിലാണ് താരം പുകഴ്ത്തിയത്. 'അഭിമാനം, എന്തൊരു ടീം! ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്‌ലിം ലോകത്തിനും എന്തൊരു നേട്ടമാണ്. ആധുനിക ഫുട്‌ബോളിൽ ഇത്തരമൊരു യക്ഷിക്കഥ ഇപ്പോഴും സാധ്യമാണ്, ഇത് നിരവധി ആളുകൾക്ക് വളരെയധികം ശക്തിയും പ്രതീക്ഷയും നൽകും' താരം കുറിച്ചു.

കാമറൂൺ താരം സാമുവൽ എറ്റുവും മൊറോക്കോയെ പുകഴ്ത്തി. സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോക്ക് പിറകിൽ ഭൂഖണ്ഡത്തിലെ മുഴുവൻ പേരുമുണ്ടെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ശതകോടീശ്വരൻ ഇലോൺ മസ്‌കടക്കം നിരവധി പേരും മൊറോക്കോയുടെ മുന്നേറ്റത്തെ വാഴ്ത്തി.

മറ്റൊരു ക്വാർട്ടറിൽ വിജയിച്ച ഫ്രാൻസിനെയും അവർക്കെതിരെ പൊരുതിത്തോറ്റ ഇംഗ്ലണ്ടിനെയും ഓസിൽ പുകഴ്ത്തി. 'ടീം ഇംഗ്ലണ്ടിനെ കുറിച്ച് നിങ്ങൾക്ക് നാണക്കേട് തോന്നേണ്ടതില്ല. നിലവിലെ ലോക ചാമ്പ്യനെതിരെ ശക്തമായ പ്രകടനമാണ് അവർ നടത്തിയത്. എംബാപ്പെ ആൻഡ് കമ്പനിക്കെതിരെ മികച്ച പ്രതിരോധം കാഴ്ചവെച്ചു. എന്നാൽ ഫ്രാൻസ് എല്ലായ്‌പ്പോഴും വളരെ ഫലപ്രദമാണ്. എന്റെ സഹോദരനിൽ നിന്നുള്ള (@BukayoSaka87 ബുകിയോ സാകയെ ടാഗ് ചെയ്ത്) മികച്ച ഗെയിം - ഭാവി നിങ്ങളുടേതാണ്' ഓസിൽ ട്വീറ്റ് ചെയ്തു.

1970ലാണ് ലോകകപ്പിൽ ആദ്യമായി ആഫ്രിക്കൻ ടീം പോയൻറ് നേടിയത്. 1986ൽ ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്തി. ഇപ്പോൾ 2022ൽ ആഫ്രിക്കൻ അറബ് രാജ്യമായ മൊറോക്കോ സെമി ഫൈനലിലുമെത്തി.

ക്വാർട്ടർ ഫൈനലിന്റെ 42ാം മിനുട്ടിൽ യൂസുഫ് അന്നസീരി നേടിയ ഹെഡ്ഡർ ഗോളിലൂടെയാണ് മെറോക്കോ പറങ്കിപ്പടയെ വീഴ്ത്തിയത്. അതിയുല്ലാഹ് ഉയർത്തി നൽകിയ പന്ത് ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു അന്നസീരി. ലോകകപ്പ് ചരിത്രത്തിൽ മൊറോക്കയുടെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാണ് അന്നസീരി. മൂന്നു ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഫ്രാൻസിനെയാണ് മൊറോക്കോ സെമിയിൽ നേരിടുക.

ആദ്യ ഇലവനിലില്ലാതിരുന്ന റൊണാൾഡോയെ രണ്ടാം പകുതിയിലാണ് പോർച്ചുഗൽ ഇറക്കിയത്. 51ാം മിനുട്ടിൽ റൂബെൻ നെവസിന് പകരമാണ് സൂപ്പർ താരമിറങ്ങിയത്. എന്നാൽ താരത്തിന് ഒരു ഗോൾ ഷോട്ട് മാത്രമാണ് അടിക്കാനായത്. അന്താരാഷ്ട്ര പുരുഷ ഫുടബോളിൽ റെക്കോഡുമായാണ് താരം കളത്തിലിറങ്ങിയത്. 196 മത്സരങ്ങളിൽ കളിച്ച കുവൈത്ത് താരം ബദർ അൽ മുതവ്വയുടെ റെക്കോഡിനൊപ്പമാണ് താരം ഇടംപിടിച്ചത്. മൊറോക്കോ ഗോളടിച്ച ശേഷം ഉണർന്നു കളിക്കുന്ന പോർച്ചുഗലിന് ലക്ഷ്യം കാണാനായില്ല. 57ാം മിനുട്ടിൽ കഴിഞ്ഞ കളിയിലെ ഹീറോ ഗോൺസാലോ റാമോസിന് മൊറോക്കൻ വല കുലുക്കാൻ അവസരം ലഭിച്ചുവെങ്കിലും ഹെഡ്ഡർ ലക്ഷ്യത്തിലെത്തിയില്ല. 63ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസടിച്ച ഷോട്ട് പോസ്റ്റിന് മുകളിലുടെയാണ് പോയത്. 68ാം മിനുട്ടിൽ ബ്രൂണോയുടെ പാസ് ഹെഡ് ചെയ്യാനുള്ള റൊണാൾഡോയുടെ ശ്രമം വിജയിച്ചില്ല. പന്ത് ബൗനോയുടെ കരങ്ങളിൽ വിശ്രമിച്ചു. 70ാം മിനുട്ടിലെ കോർണറും ഫലപ്രദമാക്കാനായില്ല.

74ാം മിനുറ്റിൽ മൊറോക്കോയ്ക്ക് കൗണ്ടർ അറ്റാക്കിലൂടെ മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോൾവല കുലുക്കാൻ സാധിച്ചില്ല. 83ാം മിനുറ്റിൽ പോർച്ചുഗൽ മുന്നേറ്റതാരം ഫെലിക്സ് ഉതിർത്ത ഷോട്ട് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത്യുഗ്രൻ സേവിലൂടെ മൊറോക്കൻ ഗോൾകീപ്പർ ബോനോ രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ 48ാം മിനുട്ടിൽ മൊറോക്കോക്ക് ലീഡുയർത്താൻ മറ്റൊരവസരം ലഭിച്ചു. എന്നാൽ സിയെച്ചെടുത്ത ഫ്രീകിക്ക് യാമിഖിന്റെ തലയിൽ തൊട്ടുരുമ്മി ഗോളിയുടെ ദേഹത്ത് തട്ടി പുറത്തുപോയി.

Former German footballer Mesut Ozil praised Morocco for reaching the semi-finals of the World Cup after defeating Portugal 1-0.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News